Wednesday, December 20, 2017

മതിഭ്രമം

എന്തേ എന്നമ്മേ 
നീയെന്നെയറിഞ്ഞീല 
അന്ന്, ഈ കുഞ്ഞു-
മനസിൻ പതർച്ചകൾ,
എൻ ഉൾവലിയലുകൾ !

ഇന്ന്, "മീ ടൂ" ഹാഷ്ടാഗുമായ് 
പലരും മുറവിളിക്കുമ്പോൾ 
അതിലിടം തേടുവാൻ 
ഉള്ളാലെ വെറുക്കുന്നു.

ഞാനും കടന്നൊരവസ്ഥ-
യെന്ന് പറയാൻ മടിയല്ല 
പിച്ചിച്ചീന്തും മൂടുപടങ്ങൾ 
ഒന്നുമേയോർത്തല്ല 
ഭീഷണി ഭയന്നല്ല 
ഭീരുത്വം കൊണ്ടല്ല 
എന്റെ മാത്രം ശരികൾ 
മനസ്സിൻറെ അറകൾ 
എന്നേ താഴിട്ടിരിക്കുന്നു !

അപ്പനിൽ മൂത്തൊരാൾ 
വാത്സല്യം കാട്ടവേ 
ആരുമറിഞ്ഞില്ല കണ്ണിൽ 
കത്തിയ കാമവും !

പന്ത്രണ്ടു വയസ്സു 
തികഞ്ഞോയെന്നറിവീല 
അന്നെയറിഞ്ഞു 
അയാളുടെ വിരലിലെ 
അഴുകിയ ചേഷ്ടകൾ !

നീയുമറിഞ്ഞില്ല 
ആരുമറിഞ്ഞില്ല 
ഉള്ളിലെ ചോദ്യങ്ങൾ 
പിന്നെയും ബാക്കിയായ്‌!

എന്തിനെന്നറിവീല 
അന്ന് ഞാൻ ചെന്നത് .
എന്താണെന്നറിവീല 
ഞാൻ അലറി വിളിച്ചില്ല !

അയാളിലെ കാടത്തം 
പറിച്ചൊരു തുണിയുമായ് 
ഞാൻ വന്നതുമെന്തേ 
നീയറിയാതെ പോയി !

പിന്നെയുമെത്രയോ 
മുഖങ്ങൾ, ഒക്കെ മറക്കട്ടെ .
പൊതുനിരത്തിലൊരു ദിനം 
വാക്കാൽ നഗ്നയായപ്പോൾ 
ഒക്കെയും ഒക്കെയും 
എനിക്കു ഞാൻ മാത്രമായ്!

ഓരോ മുറിവും 
മറച്ചു സമർത്ഥമായ് 
നിൽപ്പൂ ഞാനേകയായ് 
എട്ടും കൂടിയ മുക്കിതിൽ!

എൻ മകൾ വളരവേ 
കഴുകൻ കണ്ണുകൾ 
പരതിപ്പരതി  ഞാൻ 
അവൾക്കു പിമ്പേ 
നടന്നവളറിയാതെ!

ഒടുവിലിന്നവളെന്നെ 
തനിച്ചാക്കി, കിട്ടിയ 
പുതിയ പേരോ 
"മതിഭ്രമം" !

Monday, September 25, 2017

നുറുങ്ങുകൾ 6

അപകർഷതാബോധം കൊണ്ട് ഒന്നിലും അധികം കൂടാതെ, എന്നാൽ ഉള്ളുകൊണ്ട് എല്ലാത്തിലും കൂടി, പൊതുവെ നിശബ്ദരായി ഓരോ കാലവും നീക്കുന്നവർക്കാകും ഒരു പക്ഷെ ഓർമകളുടെ തേരോട്ടം എന്നും മനസ്സിൽ. നൊസ്റ്റാൾജിയ എന്ന് പറയുന്നത് ഇക്കൂട്ടരുടെ കുത്തകയാണോ എന്നുകൂടി തോന്നിപ്പോകും ചിലപ്പോൾ, ഇവരിലെ ഓർമകളുടെ കുത്തൊഴുക്ക് കാണുമ്പോൾ!

Tuesday, February 28, 2017

നുറുങ്ങുകൾ 5

" നിനക്കു വേണ്ടയെന്നായപ്പോൾ
  അകന്നു മാറിയതും എന്റെ തെറ്റ്!
  അകന്നു മാറിയ നൊമ്പരം പങ്കിടാൻ
  അടുത്തു വന്നതും എന്റെ തെറ്റ്!"

Thursday, December 29, 2016

നുറുങ്ങുകൾ 4

നിന്നിലൊരിക്കൽ
സ്നേഹമായിരുന്നു....
പ്രണയമായിരുന്നു...
അന്ന് നിന്നിലെ
കാമം തേടി ഞാനലഞ്ഞു !

ഒന്നാകാൻ കൊതിച്ചപ്പോൾ
നീ പ്രണയമായിരുന്നു .
അറിഞ്ഞുകൊണ്ടകന്നപ്പോൾ,
പിന്നെയുമടുത്തപ്പോൾ
നീ കാമമായിരുന്നു .

നിന്നിലിപ്പോൾ
കാമമാണ്......
രതിഭാവമാണ്......
ഇന്ന് നിന്നിലെ
പ്രണയം തേടി ഞാൻ വലഞ്ഞു !

ക്ഷമ തരു പ്രണയമേ
വയ്യ; ഇനി വയ്യ
പ്രണയത്തിൻ പേരിട്ട
കാമം ഭരിക്കുന്ന 
മടിത്തട്ടിൽ മയങ്ങുവാൻ.

Monday, October 24, 2016

നമ്മൾ

സ്വപ്നത്തിൽ കണ്ട മുഖമല്ല
നിശ്ചയം......
പ്രണയമെന്നിൽ കോറിയ
ആത്മാവ്.......
നിശിതമെന്നിൽ വിതച്ച
വിരഹവും......
കുറച്ചതില്ല ഒട്ടുമെൻ
പ്രണയവും.....
അറിക ഇന്നീ വൈകിയ
വേളയിൽ......
മൂക്കുകയർ മുറുകുന്നതറിഞ്ഞിട്ടും
അറിയാതെ.....
കാലം വിതച്ച വേർപാട്
തിരുത്തുവാൻ.....
അറിയാതെ വരുത്തിയതക്ഷര
പിശകതും ......
എല്ലാമറിയുമ്പോൾ നാമെന്ന
സത്യവും......
വിരലുകൾ കോർത്തിനിയൊന്നായ്
നടന്നിടാം.

നുറുങ്ങുകൾ 3

ഇന്നലെകളിലെ ഇന്നിൽ
ചേരാൻ മറന്ന നാം
ഇന്നുകളുടെ നിഴലിൽ
ഇന്നും നാളെയും പരതുന്നു
കൈവിട്ട ഇന്നിൻറെ
ഗദ്ഗദം ബാക്കിയായി
ഇനി നാളെതൻ മടിത്തട്ടിൽ ......

ഒരു ആവലാതി

കേരളം കത്തുന്നു
പൊള്ളുന്ന ചൂടിൽ
കുടിവെള്ളപ്പൈപ്പിൽ
കാലം നോക്കിവരുന്ന
നീർച്ചാലുകൾ ആശ്വാസം
പച്ചപ്പരിഷ്‌ക്കാരി
എസിയും കണ്ടുമടുത്തു
ബാങ്കുകൾക്ക് പുത്തൻ ഇരകൾ
പുതുലോണുകൾ
കറണ്ട് ബില്ലടക്കാനും
ഇനിവരും സർക്കാർ
ഈ ലോണും എഴുതിത്തള്ളുമോ !