Thursday, October 8, 2015

നീ .......

" നീ കാട്ടിയ കാഴ്ചകൾ
നീ തന്ന ഓർമ്മകൾ
മിന്നലായ് പ്രണയം
അറിയപ്പെടാത്ത കാലം
സ്പർശം മടിച്ചപ്പോൾ നൊമ്പരം
ഉരുവിട്ട വാക്കുകൾക്ക് മീതെ മൗനം
വിട്ടുകൊടുത്തപ്പോൾ നോവ്‌ "

Friday, June 26, 2015

എൻറെ പ്രണയം

 പ്രണയമെന്നെ നയിക്കുന്നു
പ്രണയമെന്നെ ഭരിക്കുന്നു
പ്രണയമില്ലാ നിമിഷാർദ്ധം പോലും
മൃതിയുടെ നിഴൽ വീണ് കറുക്കട്ടെ

ഞാനും നീയുമില്ലാത്ത പ്രണയം
ഋതുഭേദങ്ങളില്ലാത്ത പ്രണയം
നാമെന്ന സത്യം ഒന്നായ്പ്പിണയവേ
നാഗങ്ങൾ പോലും നാണിച്ചു പോകുന്നു

നിശിതമല്ലാത്ത ചേഷ്ടകൾ
നിശ്ചയിച്ചുറക്കാത്ത നേരങ്ങൾ
എല്ലാം നയിക്കുന്നതൊന്നിലെക്കായ് നമ്മെ
സ്വാർത്ഥമെൻ പ്രണയം നിനക്കായ് മാത്രം

നിൻറെ മിഴികളിൽ തുളുമ്പുന്ന കാമവും
നിൻ മുടിച്ചുരുളിലെ ഇടറും ജലകണങ്ങളും
നിൻ അണിവയറിലെ ചെറു രോമരാജിയും
നിലയ്ക്കാത്ത ഒഴുക്കായി മാറ്റുന്നെൻ പ്രണയം

കാമവും രതിയും ഇഴചേർന്ന പ്രണയം
നിറങ്ങൾ നീരാടിയ സർപ്പക്കളങ്ങളിൽ
ആണും പെണ്ണും ഇല്ലാതെയാകുമ്പോൾ
സുഖനിർവൃതി, ചുണ്ടിൽ മന്ദഹാസവും.

Monday, June 1, 2015

മുറതെറ്റിവന്നൊരാ
മഴപൊലെയിന്നെൻ
കവിളിലൂടോഴുകി
നിണത്തിൻറെ ചാലുകൾ!

മഴത്തുള്ളികള്‍

മഴത്തുള്ളികള്‍ എന്റെ മൂര്‍ധാവില്‍ താളം പിടിക്കുന്നു. ഇടയ്ക്കിടെ നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങള്‍ എന്റെ ആസ്വാദനത്തിനു കോട്ടം വരുത്തുന്നു.എത്ര നാളുകള്‍ക്കു ശേഷമാണു മനസ്സ് ഒന്ന്‍ സ്വസ്ഥമായി ഇങ്ങനെ. എന്നും എങ്ങിനെ ഇങ്ങനെയാവും! അഥവാ അങ്ങനെയായാല്‍ ഇതിന്റെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയാതെ പോയാലോ! വേണ്ട... അങ്ങനെ വേണ്ട. എന്നും നിരതുകളില്‍ക്കിടന്നു ബഹളം വയ്ക്കുന്ന നായകള്‍, തനുപ്പുകൊണ്ടാണോ എന്താണെന്നറിയില്ല, കടത്തിണ്ണകളില്‍ ചുരുണ്ടുകൂടി കിടക്കുന്നു. അവപോലും അങ്ങനെ കിടക്കുമ്പോള്‍ ഞാന്‍ വേരെയെന്തിനാണ് കൊതിക്കുക. വീണ്ടും മഴത്തുള്ളികള്‍ ചിന്തകളില്‍ നിന്നെന്നെ തിരികെക്കൊണ്ടുവന്നു. ഓരോ തുള്ളികള്‍ക്കും ഓരോ താളങ്ങള്‍. ഇതൊക്കെ മനസ്സില്‍ ചിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞുവെങ്കില്‍! ആഗ്രഹമല്ല, അത്യാഗ്രഹം ആണെന്നറിഞ്ഞിട്ടും മനസ്സ് അതിനു പിന്‍പേ പായുന്നു. ആ സംഗീതത്തിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേരുവാന്‍ കഴിഞ്ഞുവെങ്കില്‍... ഒടുവില്‍ മഴത്തുള്ളികളുടെ ആലിംഗനത്തില്‍ അമരാനായി തളതിലൂടെ ഓടി നടുമുറ്റത്തേക്ക്..... ഇനി ഹര്ഷോന്മാദത്തിന്റെ നിമിഷങ്ങള്‍..... 

ബദാങ്കകൾ

തൊണ്ണൂറുകാലം......ഭേദപ്പെട്ട ഒരു എൽ.പി.സ്കൂളിൽ നിന്ന് നഗരത്തിലെ സർക്കാർ സ്കൂളിലേക്ക്.......സ്കൂളങ്കണത്തിൽ അങ്ങിങ്ങായി വെളുത്ത ചെമ്പകപ്പൂ മരങ്ങൾ.....ബദാം മരങ്ങൾ...... ഓടിനടക്കാൻ യഥേഷ്ടം മൈതാനങ്ങൾ....പുതിയ സ്കൂൾ അഭിമാനതോടൊപ്പം അല്പം ഭയവും ഉണ്ടാക്കി. വെളുത്ത ബ്ലൗസും പച്ചപ്പാവാടയുമായി ഒരു സ്കൂൾ നിറയെ കുട്ടികൾ....പേര് കേട്ട സർക്കാർ പെണ്‍ പള്ളിക്കൂടം.

അമ്പരപ്പ് ഒന്ന് മാറിയപോലെ. അങ്ങോട്ടുമിങ്ങോട്ടും കുട്ട്യോളെ കേറ്റാൻ മടിക്കുന്ന പ്രൈവറ്റ് ബസിലെ, കാലിൻറെ പെരുവിരൽ പോലും ഉന്നാൻ ഇടയില്ലാത്ത യാത്രയൊഴിച്ചാൽ ബാക്കിയൊക്കെ ചിട്ടയിലായപോലെ. ബദാം എന്ന് കേട്ടുകേഴ്വി മാത്രമുള്ള വസ്തുവിനെ അടുത്ത് കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പ് മാത്രം തുടർന്നു. ഇന്റെർവലുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌......ചെമ്പകമരങ്ങൾക്ക് ചോട്ടിലെ വലിയ പാറക്കല്ലുകളിൽ ഇടം പിടിക്കാൻ....കിട്ടിയ നേരത്ത് വാരിക്കൂട്ടിയ ബദാങ്കകൾ ചെറിയ കൽക്കഷണങ്ങൾ കൊണ്ട് തല്ലിപ്പൊട്ടിക്കാനുള്ള വ്യഗ്രതകൾ. പൊട്ടിക്കാനുള്ള വശം നേരെ അറിയാത്തത് നിമിത്തം കൂടുതലും ചതഞ്ഞു പോകുന്നു...എങ്കിലും അതിൽ നിന്നും കിട്ടിയത് വായിലാക്കി ബാക്കി ബദാങ്കകളുമായി ക്ലാസ്മുറിയിലേക്ക്....ബാഗിലെ അവശേഷിക്കുന്ന ഇടങ്ങളിൽ തിരുകി കേറ്റാൻ.

വീട്ടിലെ ചില സായാഹ്ന്നങ്ങളിൽ അപ്പനൊത്ത്... ബദാങ്കകൾ പൊട്ടിക്കുന്നതിന്റെ ശാസ്ത്രീയവശങ്ങൾ... കൂടുതലൊന്നും തലയിൽ കേറില്ലെങ്കിലും പൊട്ടാത്ത, ചതയാത്ത പരിപ്പുകൾ അണ്ണനും ചേച്ചിയുമായി പങ്കിട്ടെടുക്കുംപോഴത്തെ പിടിച്ചു പറികൾ, സന്തോഷങ്ങൾ....ഏകാന്തമായ സായാഹ്നങ്ങളിൽ തനിച്ചിരുന്നു ചെയ്യുന്നതിലെ മടിയില്ലായ്മ്മ ഒരു പക്ഷെ സ്വാർത്ഥതയുടെ ലാഞ്ചനകളായിരുന്നിരിക്കാം. എന്തായാലും ബദാങ്കകൾ വീട്ടിൽ കുന്നുകൂടിക്കൊണ്ടിരുന്നു.


പുത്തൻ വെള്ളബ്ലൌസിലെ പുള്ളിക്കുത്തുകൾ ശ്രദ്ധയിൽ പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. ബദാങ്കകൾ നല്കിയ ഓർമ്മച്ചിത്രങ്ങൾ! ഇനിയും പുത്തൻ ബ്ലൌസ് കിട്ടില്ലെന്നറിഞ്ഞിട്ടും ബദാങ്കകളോടുള്ള ഭ്രമത്തിന് കുറവൊന്നും വന്നതായി കണ്ടില്ല. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ തറയിൽ വീണ എണ്ണപ്പെട്ട പഴുത്ത ബദാങ്കകൾ പെറുക്കാൻ നാണയങ്ങൾ താഴേക്കിട്ട ദിവസങ്ങളും കുറവല്ല. ബദാങ്കകൾ പെരുക്കിനിറച്ചു ബാഗിൻറെ സിബ്ബുകൾ തന്നെ പോയെങ്കിലും, ഇന്നും അവ സുഖമുള്ള ഓർമ്മകൾ.വഴിവക്കിൽ വീണു കിടക്കുന്ന ബദാങ്കകൾ പെറുക്കാനായി ഇന്നും കൈകൾ ബാഗിൽ ഇടം തിരയുന്നു.

Wednesday, May 27, 2015

കടൽ....ചെറുവാക്കുകളിൽ......

കടൽ മനുഷ്യനെപ്പൊൽ
ആഴം മനസ്സുപോൽ
കാണാക്കാഴ്ചകൾ
അനവധി നിരവധി
ഓരോ തിരയും
പുതുസ്വഭാവങ്ങൾ
ആടയാഭരണങ്ങൾ
മേനിക്കോ മനസ്സിനോ
ചേർത്തണയ്ക്കുമ്പോൾ
മരണം മുഖാമുഖം.

Thursday, May 21, 2015

താലികെട്ട്

ഇതൊരു മതാചാരമോ സാമൂഹിക ആചാരമോ ആണോ...... ഒരാണിനും പെണ്ണിനും പരസ്പരം വിശ്വസിച്ച് അന്യോന്യം താങ്ങും തണലുമായി ഒരായുഷ്കാലം ഒരുമിച്ച് ജീവിക്കാൻ ഒരു താലിച്ചരട് വേണോ എന്നുള്ളത് ഇന്നത്തെ സമൂഹത്തിന്റെ അല്ലെങ്കിൽ ഇപ്പോഴത്തെ ന്യൂ ജെനെരെഷന്റെ ഒരു പ്രധാന ചോദ്യമാണ്. ഒരു വിധത്തില സമൂഹത്തെ ബോധ്യപ്പെടുതലാണ് താലി, അല്ലെങ്കിൽ ഒരു രക്ഷാകവച്ചമാണത്. സാമാന്യമായ ചൂഷണങ്ങളും അതിനോടൊപ്പം തന്നെ നടക്കുന്നുണ്ടെന്നത് പച്ചപരമാർത്ഥം. പഴയ സിനിമയിലെപ്പോലെ ഇന്നത്തെ ഭാര്യമാർ താലി ചൂണ്ടിക്കാട്ടി അതിന്റെ മഹത്വം പറയാറില്ല....എങ്കിലും അതിന്റെ മഹത്വം അന്യം നിന്നുപോയിയെന്നു വിശ്വസിക്കുക പ്രയാസം. സ്വാർത്ഥമോഹങ്ങളേ ഒരു പരിധിവരെയെങ്കിലും മാറ്റി നിർത്തുമ്പോൾ, തങ്ങള്ക്കുണ്ടായ കുഞ്ഞുങ്ങൾക്ക് വേണ്ടി, അവരുടെ ഭാവിയെക്കരുതി ഒന്ന് ചിന്തിക്കുമ്പോൾ ഒരു പക്ഷെ ഇന്നത്തെ വിവാഹമോചനങ്ങൾ ചെറിയ ഒരു പരിധി വരെയെങ്കിലും കുറയുമെന്ന് വിശ്വസിക്കാതെ വയ്യ. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുമ്പോൾ, ഒരാളുടെ തണലില്ലാതെ ജീവിക്കമെന്ന ധൈര്യമോ ചില സന്ദർഭങ്ങളിൽ അഹമ്ഭാവമോ വരുമ്പോൾ താലികൾ നിരത്തിലേക്ക്. ചടങ്ങുകളിൽ അണിഞ്ഞൊരുങ്ങലുകൾ കൂടുമ്പോൾ താലികൾ ഭദ്രമായി അലമാരകല്കുള്ളിൽ ഒതുങ്ങിക്കൂടുന്നു. ശെരിയും തെറ്റും ഏതെന്ന് വേർതിരിക്കാനുള്ള ഒരു വേദിയായി ഈ പോസ്റ്റിനെ മാറ്റാനുള്ള ഒരു ശ്രമവുമില്ല.ഒരു പക്ഷെ ഇന്നും ഒരു പെണ്ണിന് താലി കെട്ടുമ്പോഴുണ്ടാവുന്ന  പ്രത്യേക വികാരം സുരക്ഷിതത്വ ബോധം വേറൊന്നിനും  ഉണ്ടാക്കാൻ കഴിയില്ല എന്ന് വിശ്വസിക്കാനാണ് ഇന്നും മനസ്സ് പറയുന്നത്. എല്ലാറ്റിലും നെല്ലും പതിരുമുന്ടെന്നതും ഈ തരുണത്തിൽ ഓർമയിൽ നിലനില്ക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ ഒരു പക്ഷെ താലി തേഞ്ഞു പോയേക്കാം. പക്ഷെ അതുണ്ടാക്കുന്ന ബന്ധം ഓർമയിൽ നിന്ന് പരിചെരിയുന്നത് അസാധ്യമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു, വിവാഹങ്ങളെക്കാൾ വിവാഹമോചാനങ്ങൾ കൂടുന്ന സാഹചര്യങ്ങളിൽ പോലും

Wednesday, May 6, 2015

വരകളും നിറങ്ങളും

വളരെ കാലങ്ങൾക്ക്‌ ശേഷം അക്ഷരങ്ങളിലേക്ക് ഒരെത്തിനോട്ടം. കാക്കത്തൊള്ളായിരം ബ്ലോഗുകൾക്കിടയിലെക്ക് ഒരെണ്ണം കൂടി. വേണോ വേണ്ടയോ എന്നുള്ള കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ എന്തായാലും ഒന്ന് പയറ്റി നോക്കാമെന്ന് കരുതി. അനേകരിൽ ഒരാൾ ആകാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും എവിടെയെങ്കിലും ഒന്ന് എല്ലാം കൂടെ കുറിച്ചുവയ്ക്കണമല്ലോ എന്നോർത്തപ്പോൾ ആകാമെന്നു കരുതി.

ഭ്രാന്തുകൾ ഏറുന്നു. നിറങ്ങൾ മായുന്നതിനു മുന്നേ കുറെയേറെ വരകളും വർണ്ണങ്ങളും. വാകമരങ്ങൾ പൂത്തുനിൽക്കുന്നു. ആ കാഴ്ച തന്നെ മനസ്സില് വല്ലാത്തൊരു പ്രണയം വാരിവിതറുന്നു. ഇനി കുറെ കൌതുകങ്ങൾ..........


അപർണ പനമൂട്ടിൽ രാധിക