ബദാങ്കകൾ

തൊണ്ണൂറുകാലം......ഭേദപ്പെട്ട ഒരു എൽ.പി.സ്കൂളിൽ നിന്ന് നഗരത്തിലെ സർക്കാർ സ്കൂളിലേക്ക്.......സ്കൂളങ്കണത്തിൽ അങ്ങിങ്ങായി വെളുത്ത ചെമ്പകപ്പൂ മരങ്ങൾ.....ബദാം മരങ്ങൾ...... ഓടിനടക്കാൻ യഥേഷ്ടം മൈതാനങ്ങൾ....പുതിയ സ്കൂൾ അഭിമാനതോടൊപ്പം അല്പം ഭയവും ഉണ്ടാക്കി. വെളുത്ത ബ്ലൗസും പച്ചപ്പാവാടയുമായി ഒരു സ്കൂൾ നിറയെ കുട്ടികൾ....പേര് കേട്ട സർക്കാർ പെണ്‍ പള്ളിക്കൂടം.

അമ്പരപ്പ് ഒന്ന് മാറിയപോലെ. അങ്ങോട്ടുമിങ്ങോട്ടും കുട്ട്യോളെ കേറ്റാൻ മടിക്കുന്ന പ്രൈവറ്റ് ബസിലെ, കാലിൻറെ പെരുവിരൽ പോലും ഉന്നാൻ ഇടയില്ലാത്ത യാത്രയൊഴിച്ചാൽ ബാക്കിയൊക്കെ ചിട്ടയിലായപോലെ. ബദാം എന്ന് കേട്ടുകേഴ്വി മാത്രമുള്ള വസ്തുവിനെ അടുത്ത് കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പ് മാത്രം തുടർന്നു. ഇന്റെർവലുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്‌......ചെമ്പകമരങ്ങൾക്ക് ചോട്ടിലെ വലിയ പാറക്കല്ലുകളിൽ ഇടം പിടിക്കാൻ....കിട്ടിയ നേരത്ത് വാരിക്കൂട്ടിയ ബദാങ്കകൾ ചെറിയ കൽക്കഷണങ്ങൾ കൊണ്ട് തല്ലിപ്പൊട്ടിക്കാനുള്ള വ്യഗ്രതകൾ. പൊട്ടിക്കാനുള്ള വശം നേരെ അറിയാത്തത് നിമിത്തം കൂടുതലും ചതഞ്ഞു പോകുന്നു...എങ്കിലും അതിൽ നിന്നും കിട്ടിയത് വായിലാക്കി ബാക്കി ബദാങ്കകളുമായി ക്ലാസ്മുറിയിലേക്ക്....ബാഗിലെ അവശേഷിക്കുന്ന ഇടങ്ങളിൽ തിരുകി കേറ്റാൻ.

വീട്ടിലെ ചില സായാഹ്ന്നങ്ങളിൽ അപ്പനൊത്ത്... ബദാങ്കകൾ പൊട്ടിക്കുന്നതിന്റെ ശാസ്ത്രീയവശങ്ങൾ... കൂടുതലൊന്നും തലയിൽ കേറില്ലെങ്കിലും പൊട്ടാത്ത, ചതയാത്ത പരിപ്പുകൾ അണ്ണനും ചേച്ചിയുമായി പങ്കിട്ടെടുക്കുംപോഴത്തെ പിടിച്ചു പറികൾ, സന്തോഷങ്ങൾ....ഏകാന്തമായ സായാഹ്നങ്ങളിൽ തനിച്ചിരുന്നു ചെയ്യുന്നതിലെ മടിയില്ലായ്മ്മ ഒരു പക്ഷെ സ്വാർത്ഥതയുടെ ലാഞ്ചനകളായിരുന്നിരിക്കാം. എന്തായാലും ബദാങ്കകൾ വീട്ടിൽ കുന്നുകൂടിക്കൊണ്ടിരുന്നു.


പുത്തൻ വെള്ളബ്ലൌസിലെ പുള്ളിക്കുത്തുകൾ ശ്രദ്ധയിൽ പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. ബദാങ്കകൾ നല്കിയ ഓർമ്മച്ചിത്രങ്ങൾ! ഇനിയും പുത്തൻ ബ്ലൌസ് കിട്ടില്ലെന്നറിഞ്ഞിട്ടും ബദാങ്കകളോടുള്ള ഭ്രമത്തിന് കുറവൊന്നും വന്നതായി കണ്ടില്ല. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ തറയിൽ വീണ എണ്ണപ്പെട്ട പഴുത്ത ബദാങ്കകൾ പെറുക്കാൻ നാണയങ്ങൾ താഴേക്കിട്ട ദിവസങ്ങളും കുറവല്ല. ബദാങ്കകൾ പെരുക്കിനിറച്ചു ബാഗിൻറെ സിബ്ബുകൾ തന്നെ പോയെങ്കിലും, ഇന്നും അവ സുഖമുള്ള ഓർമ്മകൾ.വഴിവക്കിൽ വീണു കിടക്കുന്ന ബദാങ്കകൾ പെറുക്കാനായി ഇന്നും കൈകൾ ബാഗിൽ ഇടം തിരയുന്നു.

Comments

Popular posts from this blog

മതിഭ്രമം

നമ്മൾ

നുറുങ്ങുകൾ 4