Thursday, July 11, 2019

മര്യാദക്കാരനും മര്യാദക്കാരനും മൂന്നു വഴി



ആക്‌സിഡന്റിനു ശേഷം വാക്കറിന്റെ സഹായത്തോടെയല്ലാതെ നടക്കാൻ കഴിയാത്തതുകൊണ്ട് യുബർ തന്നാണ് ഓഫീസിൽ പോകലുകൾക് ഇപ്പോൾ ഉള്ള ഒരേ ഒരു വഴി. കാശ് കുറെ പോയി കിട്ടുമെങ്കിലും വീട്ടിലിരുന്നു ബോറടിക്കുന്നതിനേക്കളിലും ഭേദമാണല്ലോ എന്നോർക്കുമ്പോൾ രാവിലെ അങ്ങ് റെഡിയാകും .


പല പല മുഖങ്ങൾ . യുബർ ഗോ ആയിരുന്നു ബുക്ക് ചെയ്തതെങ്കിലും സാമാന്യം ജാടയുള്ള ഏതോ ഒരു വണ്ടിയാണ് ഇന്ന് കിട്ടിയത് . ഒരാൾക്കു മാത്രം പോകാൻ അധികപ്പെട്ടാണതെങ്കിലും വേറെ ഇനി കാത്തു നിക്കാൻ വയ്യ. ഓട്ടോ വിളിക്കുന്നതിനേക്കാളും ഇപ്പൊ മിക്കവാറും ലാഭം ഇതാണ് ഒറ്റയ്ക്കു അറിയാൻ വയ്യാത്ത ഒരാളിന്റെ കൂടെയുള്ള യാത്ര ചെറുതല്ലാത്ത ഭയം ഉള്ളിലുണ്ടാക്കുന്നുവെന്ന സത്യം കഴിവതും മറച്ചാണ് കാറിൽ കേറുക. ഇന്നും അതൊക്കെ തന്നെയാണുണ്ടായത് …


യുബെറുകാർക് അറിവുള്ള അത്രയും ഇടവഴികൾ ആ നാട്ടുകാർക്ക് പോലും അറിയുമോ എന്ന് നമ്മൾ പലപ്പോഴും സംശയിച്ചു പോകും . അങ്ങനെ ബ്ലോക്ക് കിട്ടാതിരിക്കാനായി ഞങ്ങൾ ഒരിടവഴിയിലേക്കു കടന്നു . റോഡിനു വീതി കുറവായതുകൊണ്ട് ചെറിയ വണ്ടികൾ എതിരെ വന്നാൽ പോലും പാടാണ്‌ . അപ്പോൾ ദേ വരുന്നു എതിരെ ഒരു ഓട്ടോ. രണ്ടിലാരേലും ഒന്നൊതുക്കിക്കൊടുത്താൽ സുഖമായി രണ്ട് കൂട്ടർക്കും പോകാം. യുബെറ് ചേട്ടന്റെ പോക്ക് കണ്ടിട്ട് ഒതുക്കാനുള്ള ഭാവമൊന്നുമില്ലെന്നു മനസ്സിലായി . എതിരെ വരുന്ന ഓട്ടോ ചേട്ടനും ഒതുങ്ങാനുള്ള ലക്ഷണമില്ലെന്നെതാണ്ടുറപ്പായി .


യുബെറ് ചേട്ടൻ സധൈര്യം മുന്നോട്ട് തന്നെ. അവസാനം ഓട്ടോ ചേട്ടന് ഇത്തിരി ഒതുക്കാതെ തരമില്ലെന്നായി. കടന്നു കഴിഞ്ഞപ്പോൾ യുബര് ചേട്ടന്റെ കമെന്റും “വലിയ വണ്ടി വരുന്ന കണ്ടിട്ടും അവനൊന്നും മാറാൻ വയ്യ ”. ഒന്നും മിണ്ടിയില്ലെലും എനിക്ക് സത്യത്തിൽ ചിരിയാണ് വന്നത് . ആർക് വേണേലും ഒതുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു . താൻ ചെറുതായിപ്പോകുമോ എന്ന അപകർഷതാബോധം …അല്ലാണ്ടെന്താ ഇതിനൊക്കെ പറയുക . അച്ഛന്റെ കൂടെ പണ്ടൊക്കെ പോകുമ്പോൾ സ്ഥിരം കേൾക്കാറുള്ള ഡയലോഗ് ആയിരുന്നു “മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി " എന്നത് . ആദ്യമൊന്നും കാര്യം മനസ്സിലാവില്ലായിരുന്നെങ്കിലും പിന്നെപ്പോഴോ ചോദിച്ചപ്പോൾ വിശദീകരിച്ചു തന്നു . വഴി തീരെ ചെറുതും എതിർ ദിശയിൽ വരുന്നവർ രണ്ട് കൂട്ടരും മര്യാദക്കാരാണെങ്കിൽ രണ്ടാളും മറ്റേയാൾക് വേണ്ടി വഴി ഒതുങ്ങിക്കൊടുക്കും . അങ്ങനെ ഓരോ മര്യാദക്കാരനും ഉണ്ടാക്കുന്ന ഓരോ വഴികളും ശരിക്കുള്ള വഴിയും ചേരുമ്പോൾ പോകാൻ മൂന്നു വഴികൾ ഉണ്ടാകുമല്ലോ . ശുദ്ധ നർമമാണെങ്കിലും അന്യ ഒരു വ്യക്തിക്ക് കൊടുക്കേണ്ട പരിഗണന അതിലൂടെ എങ്ങനെയൊക്കെയോ നമ്മുടെ ഉള്ളിലേക്കും നാമറിയാതെ കേറുമായിരുന്നു .


ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...