Thursday, September 26, 2019

പൂവുകൾ കത്തുമ്പോൾ...........



പൂവുകൾ കത്തുന്നു....ആദ്യമായാണ് പൂവുകൾ കത്തുന്നത് കാണുന്നത്.... ഒരു പൂവ് ഞെട്ടോടിഞ്ഞു താഴെ വീണു കിടക്കുന്നതു കാണുമ്പോൾ മനസ്സൊന്നു ഉലയുന്ന എനിക്ക് ഇന്ന് ഒട്ടും വിഷമം തോന്നുന്നില്ല എന്നത് എനിക്ക് തന്നെ അത്ഭുതമായിരുന്നു. പലതരം പൂവുകൾ.... ഏറെയും ഭംഗിയും വിലയുമുള്ളവ....


ഒരു ജന്മം അങ്ങനെ എരിഞ്ഞു തീരുന്നു.... പൊതുവെ ശാന്ത സ്വഭാവം... സ്വന്തമെന്ന ഇഷ്ടങ്ങൾ എന്നോ മറന്നവൾ... എന്നെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.... ഞാൻ കാണുമ്പോൾ ഒന്നോ രണ്ടോ സ്ട്രോക്ക് വന്നു പകുതിയും കര കയറിയിരുന്നു.... ഇഷ്ടങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കിയിട്ടുണ്ടാകാം.... പൂവ് ചൂടുന്നത് കാണുമ്പോൾ, സാരി ഉടുക്കുന്നത് കാണുമ്പോൾ മുഖം ചെന്താമര പോലെ വിടരുന്നത് കാണാം....സാരിയുടുപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞു കൈവരി പോലുമില്ലാത്ത സ്റ്റെപ്പുകൾ കയറി വന്നത് കാണുമ്പോൾ ഉള്ളു കാളും. വിളിച്ചാൽ പോരായിരുന്നോ എന്ന് ചോദിച്ചാലും ഒരു ചിരിയിലെല്ലാമൊതുക്കും.

ഈ എരിഞ്ഞു തീരൽ  ഒരുപക്ഷെ ഒരനുഗ്രഹമായിരുന്നിരിക്കണം....മാസങ്ങളായുള്ള ഈ കിടപ്പ്...വേദനകൾ ഒന്ന് പറയാനാവാതെ.... ഒന്നനങ്ങാനാവാതെ... അവസാന നോക്ക് കാണാൻ വന്നവർക്കു പോലും പറയാൻ നല്ലതു മാത്രം.... എന്നും പഴിച്ചിരുന്ന നാവിനു പോലും ഇന്ന് ഒന്നിനും പഴിക്കാൻ പറ്റുന്നില്ല.... ഒരു പക്ഷെ ഒരാളുടെ ശൂന്യതക്ക് നന്മകൾ മാത്രമേ ഓർമ്മിപ്പിക്കാൻ പറ്റുകയുള്ളായിരിക്കും.


എന്തെന്തു പൂവുകൾ..... റോസ്, മുല്ല, ജമന്തികൾ, പേരറിയാത്ത വേറെയും പലയിനങ്ങൾ..... ഗുരുക്കന്മാർക് ഓര്മയില്ലെങ്കിൽ പോലും അവരെ ഓർക്കാൻ അനവധി നിരവധിയുണ്ടാകുമല്ലോ... റീത്തുകൾ ബൊക്കെകൾ..... ഒരു പൂവ് പോലും വെറുതെ കളഞ്ഞില്ല..... എരിയാൻ തുടങ്ങുന്നതിനു മുന്നേ സിമന്റിട്ടപോലെ തട്ടിപ്പൊതിഞ്ഞ  ചിതക്ക് മേലെ പൂവുകളെല്ലാം വിതറി അലങ്കരിച്ചു... മനസ്സിൽ ഉണ്ടാക്കിയ ശൂന്യത ഭീതിതമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്തവിധം ..... ആർക്കും ഒരിക്കലും അംഗീകരിക്കാനും മനസ്സിലാക്കാനും പറ്റുകയുമില്ല ... പൂവുകൾ കത്തുന്നു !

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...