Thursday, January 31, 2019

..................


ചില നൊമ്പരങ്ങൾ അങ്ങനെയാണ്...ഒരു പക്ഷെ ആർക്കും മനസ്സിലാവണമെന്നില്ല. പ്രായോഗികതയുടെ കാരണങ്ങളാൽ ഗൃഹാതുരതയുടെ ബിംബങ്ങൾ അഴിച്ചു വാർക്കപ്പെടുമ്പോൾ ഉള്ളിലെവിടെയോ ചോര കിനിയുന്നു. എന്തെന്നോ എന്തിനെന്നോ ആരോടും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ പറ്റാത്തവ. ചില നിമിഷങ്ങളിൽ ശ്വാസം നിലയ്ക്കുന്നപോലെ. മനസ്സിനുള്ളിൽ എന്നോ പതിഞ്ഞ മണ്ണും മരങ്ങളും ഇനി മനസ്സിൽ മാത്രം അവശേഷിക്കപ്പെടാനേ കഴിയു. മൂടുപടങ്ങൾ, മതിലുകൾ, കോൺക്രീറ്റുകൾ .... മനുഷ്യന്റെ സ്വാർത്ഥതയുടെ ചിഹ്നങ്ങൾ. മതിലുകൾ മാറി വേലിച്ചീരയോ ചീമക്കൊന്നയോ കടലാവണക്കുകളോ തഴക്കട്ടെ. കോൺക്രീറ്റ് തറകൾ വെട്ടിപ്പൊളിക്കപ്പെട്ടു മണ്ണിനു ശ്വാസം കിട്ടട്ടെ. സോഷ്യൽ മീഡിയകളിൽ മാത്രം പരിചയം കാട്ടുന്ന അയല്പക്കങ്ങൾ നമ്മുടേതും കൂടിയാകട്ടെ. അന്യോന്യം തിരിച്ചറിയുന്ന ഗ്രാമത്തിന്റെ നന്മകൾ തിരിച്ചു വരട്ടെ. നമ്മുടെ കുഞ്ഞുങ്ങൾ ധൈര്യമായി നിരത്തുകളിലിറങ്ങട്ടെ. അരുതായ്മകൾ ചെയ്യുമ്പോൾ അറിയുന്നവർ കാണുമെന്ന ശങ്ക ഉണ്ടാകട്ടെ. അണുകുടുംബങ്ങൾ വിട്ടു കൂട്ടുകുടുംബങ്ങൾ ഉണ്ടാകട്ടെ. ഞാനും നീയും അവസാനിച്ചു ഇനി നമ്മൾ ഉണ്ടാകട്ടെ. നന്മയുടെ വെളിച്ചത്തിൽ ലോകം തിളങ്ങട്ടെ.


Wednesday, January 30, 2019

നിയമങ്ങൾ


ഇന്നവർ പലപേരതുണ്ടല്ലോ
ഉറച്ച തീരുമാനമെടുത്തവർ
രാഷ്ട്രീയക്കോമരണങ്ങളിന്നു
ഉറഞ്ഞു തുള്ളുമ്പോൾ, നെഞ്ചു
വിരിച്ചു നിയമം നടത്തുവോർ
അവർ, തലപ്പത്തുള്ളോർക്
വെറും രാഷ്ട്രീയ അജണ്ടകൾ
അവർ നടത്തും പോർവിളിക-
ളിവരെ ലവലേശം ബാധിക്കയുമില്ല
എസ് പി , കളക്ടർ പദങ്ങളിന്നു
പൊതുജനത്തിൻ ചായക്കടയിലും
മതിലൊന്നു തീർക്കുവാൻ
മാധ്യമക്കസർത്തു നടത്തുവാൻ
ഒന്നിനുമല്ലയെന്നാകിലും
അവർക്കു പിമ്പേ പൊതുജനമുണ്ടല്ലോ
നിയമജ്ഞ എന്നാണ് കണ്ണ് തുറന്നത്
ഞങ്ങളുമറിഞ്ഞില്ല; ആരുമറിഞ്ഞില്ല
കറുത്ത തുണിയാൽ കൺമൂടപ്പെട്ടവൾ
കയ്യിൽ ധർമത്തിന് ത്രാസുമായ് നിൽപ്പവൾ
അവൾക്കു മുഖ്യം ധർമവും നീതിയും
ഭരണ-പ്രതിപക്ഷ ചേരിതിരിവുകൾ
അവൾക്കുണ്ടെന്നു ധരിക്കുവാൻ വയ്യല്ലോ
പ്രതിയാക്കപ്പെട്ടവർ ആരുതന്നാകിലും
നേരിടുക നിർഭയം നെഞ്ചുവിരിച്ചങ്ങ്
നാം തന്നെ തെറ്റെന്നു തിരിച്ചറിവുള്ളപ്പോൾ
സ്വാഭാവികം എതിർപ്പുകൾ; മനുഷ്യസ്വഭാവവും
നിയമത്തി൯ ശാസനംഎല്ലാർക്കുംഒരുപോലെ
സ്ത്രീസമത്വം, നവോത്ഥാനമെന്നിടയ്ക്കിടെ
മുദ്രാവാക്യങ്ങൾ മുഴക്കുമ്പോൾ
അംഗീകരിക്കണമിടയ്ക്കെങ്കിലും
ചങ്കുറപ്പുള്ള പെണ്ണിന്റെ ചെയ്തികൾ
മുദ്രാവാക്യങ്ങൾ മാത്രമായിതുവരെ
ഒന്നും കൊണ്ടുവന്നതായറിവീല
നേരോടെ നെറിയോടെ ഇനിയുമുണ്ടാകട്ടെ
നിയമപാലകരാം ചുണക്കുട്ടികൾ
വെറുതെയുരുവായതല്ലയെന്നറിയുക
അതികഠിനമാം കടമ്പകൾ പലതുകടക്കണം
നിങ്ങൾ പുച്ഛിച്ചു തള്ളും അവരുടെ
നിയമതലങ്ങളിലെത്തുവാൻ
കാണുവാൻ, അറിയുവാൻ ഒന്ന് ശ്രമിക്കുക
നിങ്ങളിന്നാകുവാൻ താണ്ടിയ കടമ്പകൾ
നാമാരെന്നറിയുമ്പോൾ അഹംഭാവം
കൊഴിഞ്ഞുപോം ; ചരിത്രം പറയുന്നു
അറിയുക നാമാദ്യം നമ്മളെത്തന്നെയും.

Tuesday, January 22, 2019

കട്ടുറുമ്പ്


ഇന്നെണീക്കാനേ തോന്നുന്നില്ല. നേരത്തെ എഴുന്നേൽക്കണമെന്നു കരുതിയാണ് ഇന്നലെ കിടന്നത്; മാളു കട്ടിലിൽ കിടന്നു വെറുതെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു.

ഇന്നാണ് സജിയണ്ണൻ പോകുന്നത്. ബോംബെക്കോ മറ്റോ ആണെന്ന് പറയുന്നത് കേട്ടു. അവിടെയെന്തോ ജോലിയായെന്നു വല്യമ്മ പറയുന്നുണ്ടായിരുന്നു. ആരോടും പരിഭവം പറയാനില്ല. തനിക്കെന്താ ഇത്രമാത്രം വിഷമമെന്നു മാളുവിനറിയില്ല.


വല്യമ്മയുടെ വീട്ടിലാണ് നിൽപ്പെങ്കിലും സ്വന്തം വീടല്ലെന്ന ഒരു തോന്നലുമുണ്ടായിട്ടില്ല. കളിക്കാൻ കൂട്ടുകാർ ആരുമില്ലെന്നതൊഴിച്ചാൽ അവിടമാരുന്നു അവളുടെ വീട്. 10 വയസ്സിനോളം മുതിർന്നതായിരുന്നെങ്കിലും അവിടുത്തെ ചേട്ടനായിരുന്നു കളിക്കൂട്ടുകാരൻ.... കുട്ടിക്കുറുമ്പുകൾക്കു മിക്കവാറും കൂടെയുണ്ടാവും. എങ്കിലും ചില നേരങ്ങളിലെ ഒറ്റപ്പെടൽ വല്ലാത്തതാണ്.

ടി വി ഒന്നും സാർവത്രികം അല്ലായിരുന്നതുകൊണ്ട് അടുത്ത വീട്ടിലെ ടി വി ആയിരുന്നു ഇടയ്ക്കെങ്കിലും ഒരു സമാധാനം. ഞായറാഴ്ചകളിൽ സിനിമ കാണാൻ ആ ചുറ്റുവട്ടത്തെ ആളുകളൊക്കെ അവിടെ കാണും.ആ ദിവസങ്ങളിൽ എന്നോ ആണ് സജിയണ്ണനെ പരിചയപ്പെട്ടത്. വല്യച്ഛൻ സ്‌കൂൾ മാഷായതുകൊണ്ടും നാട്ടിലെ പരിപാടികൾക്കൊക്കെ സ്ഥിരസാന്നിദ്ധമായതുകൊണ്ടും നാട്ടിലൊക്കെ സർവ്വസമ്മതനായിരുന്നു. അന്നൊക്കെ ചുറ്റുവട്ടത്തുള്ള ഒരുമാതിരി എല്ലാ വീടുകളിലെയും കുഞ്ഞുകുട്ടികളെ വരെ നാട്ടുകാർക്ക് അറിയാമായിരുന്നു. ചാനലുകൾ മാറ്റാനായി അധികമൊന്നുമില്ലാതിരുന്നതുകൊണ്ട് പരസ്യത്തിന്റെ നേരങ്ങൾ ബഹളമയമായിരുന്നു. അന്നൊക്കെ സജിയണ്ണൻ മാളുവിന്‌ ഒരു പ്രത്യേക കരുതൽ കൊടുത്തിരുന്നു . അതുകാരണമാവാം സജിയണ്ണനോട് ഒരു പ്രത്യേക അടുപ്പം അവൾക്കുണ്ടായിരുന്നു.

എന്തെങ്കിലും കാരണത്തിന് വല്യമ്മയുടെ വീട്ടിലേക്ക് സജിയണ്ണൻ വന്നാൽ ഒരു ചെറിയ പാക്കറ്റ് മധുരമുള്ള ചെറിപ്പഴങ്ങൾ അവൾക്കായി ആരും കാണാതെ ജനാല വഴി എത്തിക്കുമായിരുന്നു. ആ സജിയണ്ണനാണ് ഇന്ന് ബോംബേക്കു പോകാൻ പോകുന്നത്. അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. അവളുടെ കുഞ്ഞുമനസ്സിലെ കുന്നോളം പോന്ന വിഷമം ആരോട് പറയണമെന്നറിയാതെ മാളു കുഴങ്ങി.

ഇനിയും കിടക്കാൻ പറ്റില്ല. വല്യമ്മയുടെ വിളി വന്നു. പല്ലൊക്കെ തേച്ചു മുഖമൊക്കെ കഴുകി എന്തോ കഴിച്ചുവെന്ന് വരുത്തി. രാവിലെ 10 മണിക്കെന്തോ ആണ് സജിയണ്ണന്റെ ബസ്സെന്നു പറയുന്നത് അവൾ കേട്ടിരുന്നു. അപ്പോഴേക്കും ബസ് സ്റ്റോപ്പിലെത്തണം. ബസ് സ്റ്റോപ്പടുത്തു തന്നെയാണ്; തെക്കേപ്പുറത്തുകൂടെ ഇറങ്ങി ആ ഒഴിഞ്ഞ പറമ്പ് കടക്കേണ്ടതേയുള്ളു.

വല്യമ്മ ഇറങ്ങുന്നതിനു മുന്നേ മാളു വേഗം ഇറങ്ങി. സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു ആൾക്കൂട്ടമുണ്ടവിടെ. നാട്ടിന്പുറത്തുന്നു ആരേലും ദൂരേക്ക് പോകുമ്പോൾ നാട്ടുകാരൊക്കെ അന്നൊക്കെ കൊണ്ടാക്കാൻ പോകുമായിരുന്നു. സജി അവളോട് യാത്ര പറഞ്ഞു നീങ്ങി. നടന്നു നീങ്ങുന്നതുപോലും കാണാൻ അവൾക് കഴിഞ്ഞില്ല; ഒരു പെരുമഴയ്ക്കുള്ള നീരുണ്ടായിരുന്നു അവളുടെ കണ്ണുകളിലപ്പോൾ.

സജി പോകുന്നതും നോക്കി അവിടെ നിന്ന ഒരു ചെറിയ മാവിൻ തയ്യിൽ മാളു വെറുതെ കോറിക്കൊണ്ടിരുന്നു. ബസ്സു വന്നതും പോയതുമൊക്കെ വേഗം കഴിഞ്ഞു. ആളുകളൊക്കെ തിരിഞ്ഞു തുടങ്ങി. മിക്ക കണ്ണുകളും ഈറനണിഞ്ഞിരുന്നതുകൊണ്ട് അവൾ കരയുന്നതു കാണാൻ ആർക്കും നേരമുണ്ടായില്ല. ബസ്സു പോയ വഴിയേ കണ്ണയയ്ച്ചുകൊണ്ട് നിന്നപ്പോൾ ബ്ലേഡുകൊണ്ട് വരഞ്ഞപോലെ വിരൽ നീറി. മാവിൽ കോറിക്കൊണ്ടിരുന്ന വിരലാണ് .
....ഹാ.... വല്ലാണ്ട് വേദനിക്കുന്നല്ലോ...ചോരയും പൊടിയുന്നു....
അവളുടെ ഒച്ച കേട്ട് വല്യമ്മ നോക്കിയിട്ടു പറഞ്ഞു....
നീയെന്തിനാ മാളു ആ കട്ടുറുമ്പിന്റെ കൂട്ടത്തിലേക്കു കയ്യിടാൻ പോയത്...
..... അപ്പൊ ഇതായിരുന്നോ കട്ടുറുമ്പ് ....
ഉം ....
പറഞ്ഞു കേട്ടുള്ള അറിവേ ഉള്ളു.... വലിയ ചോനലുറുമ്പാവുമെന്നു കരുതിയാണ് ഇതുവരെ ഗൗനിക്കാതിരുന്നതെന്നു മാളു വിഷമത്തോടെ ഓർത്തു. സജിയണ്ണൻ പോയ വിഷമം ഒരിടത്തു....കൂട്ടത്തിലാണിപ്പോൾ വിരലിലെ അരപ്പും മുറിവും..... മൂന്നാലു കട്ടുറുമ്പിന്റ ഇടയിലോട്ടു വിരലുകൊണ്ടുക്കൊടുത്തപ്പോൾ അതെല്ലാം കൂടെ നല്ലവണം അങ്ങ് ഇറുക്കി... അതൊരു മുറിവായി. അത് കഴിഞ്ഞു മാളുവിന്‌ കട്ടുറുമ്പിനെ എവിടെ കണ്ടാലും അറിയാമെന്നായി.

ശുഭം.                     

Tuesday, January 15, 2019

മതിലുകൾ



അതിരുകൾ തീർക്കുവാൻ
മതിലുകൾ പണിതല്ലോ
അങ്ങേലും ഇങ്ങേലും 
രണ്ടു ധ്രുവങ്ങളിൽ
പോകെപ്പോകെ മുളച്ചു
മതിലുകൾ പലതരം
ജാതിക്കൊരു മതിൽ
മതത്തിന് വേറെയും
ആണിനൊരു മതിൽ
പെണ്ണിന് വേറെയും
വിശ്വാസിക്കൊരു മതിൽ
അവിശ്വാസിക്ക് വേറെയും
പ്രളയം തകർത്തല്ലോ
ഒരു ചില മതിലുകൾ
വേദനകളുടെ സൗഹൃദം
നേരിന്റെ നീറ്റലിൽ
മനസ്സിന്റെ കളങ്കങ്ങൾ
തകർക്കാനതിനായില്ല
മതിലുകൾ പെരുകുന്നു
പിന്നെയും പിന്നെയും
ആചാര മതിലുകൾ
ലംഘിക്കാൻ വേറെയും
സമത്വമെന്നോതുവാൻ
വനിതാ മതിലൊരെണ്ണവും
രാഷ്ട്രീയ മതിലുകൾ
പൊരുളറിയാതെ അണികളും
രക്തവും മാംസവും
നടുറോഡിൽ അനുദിനം
എന്നിട്ടും സർവത്ര
മതിലുകൾ മതിലുകൾ !

Tuesday, January 1, 2019

നുറുങ്ങുകൾ 7


"നിന്നെ പ്രണയിപ്പാൻ
കാരണങ്ങൾ തിരഞ്ഞില്ല
നിൻ ഗന്ധം നുകരാൻ
കൊതിച്ചെത്രയോ നാളുകൾ
നിൻ രോമരാജികൾ നോക്കി
ദാഹം തീർത്ത നേരങ്ങൾ
നിൻ നനുത്ത തഴുകലിനായ്
കൊതിച്ച നിമിഷാർദ്ധങ്ങൾ
നാമൊന്നാകാൻ കാത്തുവച്ച
കളഭ-കുങ്കുമാദികൾ
ഒടുക്കം ചമയങ്ങളില്ലാതെ
ഇന്നൊന്നായ് ഒഴുകുമ്പോൾ
ആശകളടങ്ങാതെ ഇനി
കാമനകളുടെ കൊടുമുടിയിൽ! "



ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...