Thursday, January 12, 2023

ഗുരുനാഥൻ

 

 
സമർപ്പണം: ബീയാർ പ്രസാദ്...


ഇച്ഛിച്ചു പലവട്ടം
നല്ലെഴുത്തെഴുതുവാൻ
മാർഗ്ഗദർശിയെ കിട്ടാ-
തൊട്ടങ്ങു നീട്ടി വച്ചു.
സജ്ജനസാധുക്കളാം
ഗുരുക്കൾ പല പേരു-
ണ്ടെങ്കിലും എത്തിപ്പെടാൻ
ആരുമേയില്ല പോലും !

കാലങ്ങൾ കടന്നുപോയ്
പ്രാധാന്യം വേറെയായി
എഴുത്തിൻ കവാടങ്ങൾ
പതിവായ് ചാരി തന്നെ.
അക്ഷരപ്പിച്ച വച്ച
കുഞ്ഞുങ്ങളൊപ്പം ചേർന്ന
സുന്ദരനിമിഷങ്ങൾ
ആശകൾ കൊണ്ടുത്തന്നു .

ചലിക്കും ചിത്രങ്ങൾ ത-
ന്നറിവും കേൾക്കെ കേൾക്കെ
ഗുരുവായ് നിനപ്പതി-
നൊടുക്കം ആളെക്കിട്ടി.
അടുത്തേയ്ക്കെത്തിപ്പെടാൻ
പാടെങ്ങും പെട്ടതില്ല
പൊഴിക്കും മൊഴികളോ
അറിവിൻ പാരാവാരം!

അന്ധരായ് തട്ടിത്തട-
യുമെന്റെ മൊഴികളെ
നേർവഴി കാട്ടിത്തരാൻ
കനിഞ്ഞ ഗുരുനാഥൻ.
ഉള്ളങ്ങു തുറന്നൊന്നു
ശരിയും തെറ്റുമോതാൻ,
നല്ലതു പറയുവാൻ
ഒട്ടുമേ മടിയില്ല.

പുരാണേതിഹാസങ്ങൾ
കവിത, കഥകളി,
ആട്ടങ്ങൾ പലവിധം,
നാടകം, തിരക്കഥ,
ഭാഷതൻ മാഹാത്മ്യവും
വായ്പ്പേച്ചിൻ അഴകതും
എന്തിലായറിവില്ല
നല്പെഴും സഹൃദയൻ

ഈശനു പോലുമെന്തേ
കുശുമ്പു കൂടിയിട്ടോ
നന്മയെഴുന്നോരോടു
ഇവ്വിധം കാട്ടുന്നത്?
മടക്കി വിളിച്ചത്
എത്രയും ക്രൂരമെന്ന്
വന്നൊന്നു ചൊല്ലുവതി-
നാരുണ്ടീ ഉലകത്തിൽ !


Read more at: https://www.manoramaonline.com/literature/your-creatives/2023/01/11/malayalam-poem-gurunathan.html


ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...