Monday, October 14, 2019

അപ്പൂപ്പൻ



ധൃതി പിടിച്ച യാത്രകളാണെങ്കിലും ചില കാഴ്ചകൾക്ക് മനസ്സിനെ ഒന്ന് തൊടാതിരിക്കാൻ കഴിയില്ല . ഓഫീസിൽ നിന്നിറങ്ങുമ്പോൾ മണിക്കണക്ക് വച്ച് ഓരോന്നും കണക്കു കൂട്ടിയാണ് പോകാറ്. വണ്ടി ഓടിക്കുമ്പോഴും മിക്കപ്പോഴും എന്തൊക്കെയാണ് വിട്ടുപോയതെന്നാവും ഓർക്കുക . ഒരഞ്ചു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒക്കെ താളം തെറ്റും . സമയം നോക്കിയുള്ള ഓട്ടങ്ങൾ സത്യത്തിൽ മടുപ്പാണ് ; നഗരജീവിതവും . ഗ്രാമത്തിന്റെ തുടിപ്പുകൾ അങ്ങിങ് ഉണ്ടെങ്കിലും ഓട്ടത്തിനൊരു കുറവുമില്ല .


റെയിൽവേ ഗേറ്റ് അടച്ചാലുണ്ടാകുന്ന സമയനഷ്ടം ഇല്ലാണ്ടാക്കാൻ ഇടവഴികളാണ് പൊതുവെ തിരഞ്ഞെടുക്കുക . പണ്ടാരോ ലോ ഇൻകം ഫാമിലി താമസിക്കുന്ന എന്ന തലക്കെട്ട് പറഞ്ഞപോലെയുള്ള ഒരു കോളനി . ഇപ്പോൾ പല വീടുകളുടെ മുഖച്ഛായ മാറിയിട്ടുണ്ടെങ്കിലും ചില വീടുകൾക്കും ചുറ്റുപാടുകൾക്കും വലിയ മാറ്റങ്ങളൊന്നും തന്നെ ഇല്ലെന്നു പറയാം . ഒന്നു രണ്ടു ബമ്പുള്ളതുകൊണ്ടു അവിടെത്താറാകുമ്പോഴേക്കും പതിവായൊന്നു സ്പീഡ് കുറയ്ക്കാറുണ്ട് .


നേരം സന്ധ്യ മയങ്ങുന്നു . ആൾക്കാരെവിടെ നിന്നാണ് ചാടി വീഴുന്നതിന്ന് ഒരുറപ്പുമില്ലാത്ത വഴിയാണ് . വണ്ടിക്കാര് സൂക്ഷിച്ചേ പറ്റൂ… നടക്കുന്നവർ അണുവിട നീങ്ങില്ല ….. രണ്ടാമത്തെ ബംപ് കേറിയിറങ്ങിയപ്പോൾ ഒരു വീടിന്റെ മുറ്റത്തെ കല്ലിലോ മറ്റോ ഒരു അപ്പൂപ്പനും കൊച്ചു മോളും . കള്ളി കൈലി മാത്രം ഉടുത്ത ഒരു അപ്പൂപ്പൻ … നാട്ടിൻപുറത്തെ സാധാരണക്കാരനായ ഒരു അപ്പൂപ്പൻ …. കൊച്ചുമോൾക് കാഴ്ച്ചകളോ കഥകളോ പറഞ്ഞു കൊടുക്കുന്നു . മനസ്സിനകത്തു പെട്ടെന്ന് സുഖമുള്ള ഒരു നനുത്ത കാറ്റ് വീശിയ പോലെ . ഒരു പക്ഷെ ഇപ്പോഴത്തെ നല്ലൊരു ശതമാനം കൊച്ചുമക്കൾക്കും നഷ്ടമാകുന്ന അനുഭവം . അപ്പൂപ്പന്റെ വിരലിൽ തൂങ്ങി നാട്ടിൻ പുറത്തൂടെ സായാഹ്‌ന സവാരി .... പോരാത്തതിന് അപ്പൂപ്പന്റെ വക കുട്ടിക്കഥകളും വീരവാദങ്ങളും കൂട്ടിനു .... പരിചിത മുഖങ്ങളോടുള്ള ചെറു സംഭാഷണങ്ങളും .... ആ കുട്ടിക്കാലം ഒരു സ്വർഗീയ അനുഭവം തന്നെയാകാം , ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .


എന്റെ കുഞ്ഞുവിരലുകളിൽ പിടിച്ച കൂടെ നടക്കാൻ അപ്പൂപ്പൻ ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാനേ മനസ്സ് ഇന്നും സമ്മതിക്കുന്നുള്ളു .

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...