Tuesday, February 26, 2019

പ്രതിരോധം


"ഭീരുവായ് ഒളിക്കാൻ
ആവില്ല നിശ്ചയം
പ്രതിരോധമെന്നത്
സ്വയരക്ഷയാകുമ്പോൾ "


Thursday, February 14, 2019

അച്ഛൻ

നനയുമെൻ നെറുകയിൽ
സ്നേഹക്കണികകൾ
വിറയാർന്ന അധരത്തിൻ
വാത്സല്യ ചുംബനം

അറിയാതെ പോകയോ
പറയാതെ പോകയോ
അണപൊട്ടിയൊഴുകുന്ന
മനസ്സിന്റെ നൊമ്പരം

ഓർമ്മകൾക്കറിയില്ല
പിച്ച നടന്നതും
പിന്നെയുമറിയില്ല
രാപ്പേടി കളഞ്ഞതും

വൈകിയെത്തുമ്പോൾ
പതിവായ ചോദ്യശരങ്ങളും
തെറ്റേറ്റു ചൊല്ലാൻ 
മടിച്ച ദിനങ്ങളും 

മനസ്സിലെ വാത്സല്യം
കാട്ടാൻ മടിച്ചപ്പോൾ
അറിയാതെയകന്നതും
എന്റെയും തെറ്റല്ല.

ശരികൾ കാട്ടി
ശിലയായി നിന്നതും
താങ്ങായ് തണലായ്‌
കൂടെ നടന്നതും

കാട്ടാൻ മടിച്ചൊരാ
സ്നേഹത്തിൻ ഓളങ്ങൾ
എല്ലാമടങ്ങുന്നു
ഇന്നെൻ നെറുകയിൽ

പിറവിയുടെ നോവ്
സുഖമുള്ളതെങ്കിലും
എന്നിലേക്കെത്തുന്നു
കണ്ണീർ കണങ്ങളായ്

കരുത്താർന്ന കരങ്ങൾക്ക്
എളുതല്ല കാട്ടുവാൻ
നൈർമ്മല്യമേറും
ഉൾക്കാമ്പതൊക്കെയും

അറിയുവാൻ വൈകണ്ട
പറയാതെ പോകുമാ
സ്നേഹമനസ്സിന്റെ
പേരാണ്"എൻ അച്ഛൻ"

Friday, February 1, 2019

ജനാർദ്ദനൻ

വെയിൽ ഉച്ചിയിലേക്കു നീങ്ങുന്നു. പാറുവമ്മ തിണ്ണയിലെ ഘടികാരത്തിലേക്കു നോക്കിയിട്ടു നീട്ടി വിളിച്ചു.
"ഉണ്ണിമോളേ....."
"........."
"ഈ കുട്ടി എന്താ എന്നുമിങ്ങനെ ........" - ആരോടെന്നില്ലാതെ പാറുവമ്മ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

ഉണ്ണിമോൾ പാറുവമ്മയുടെ കൊച്ചുമോളാണ്. നേരം ഇത്രയുമായിട്ടും പ്രാതൽ കഴിക്കാൻ വരാത്തതിന്റെ ആവലാതിയാണ്. പാറുവമ്മയ്ക്കു ആകെക്കൂടെയുള്ള കൂട്ടാണ് ഉണ്ണിമോള്. വല്ലതും കഴിക്കുന്ന കാര്യമൊഴിച്ചാൽ ബാക്കിയെല്ലാത്തിനും അവരൊരുമിച്ചാണ്.

"
ഞാൻ ദേ ജനാർദ്ദനനെ വിളിക്കാൻ പോവാണ് ; കേട്ടോ ഉണ്ണിമോളേ..." - പാറുവമ്മ ഉച്ചത്തിൽ പറഞ്ഞു

പാറുവമ്മയുടെ ആ പറച്ചിൽ കുറിക്കുകൊണ്ടു. വിമാനം പറന്നെത്തിയപോലെ ഉണ്ണിമോൾ ദേ അടുത്തെത്തി.

"ജനാതനനെ വിളിച്ചെണ്ട അമ്മൂമ്മേ" - ഉണ്ണിമോൾ കെഞ്ചി.

"ഞാൻ ദേ വിളിച്ചിട്ടുണ്ട്. അങ്ങേലെ ശിവന്കുട്ടിയോടു പറഞ്ഞിട്ടുണ്ട് കൂട്ടിക്കൊണ്ടുവരാൻ."

"....."

"പറഞ്ഞാൽ കേൾക്കാത്ത പിള്ളേരെ ജനാർദ്ദനൻ കൊണ്ടുപോയ്‌ക്കോട്ടെ"
പാറുവമ്മ ഒന്ന് നിർത്തിയിട്ടു ഉണ്ണിമോളേ ഓട്ടക്കണ്ണിട്ടു നോക്കി.

തന്റെ തങ്കക്കുടം ദേ നിറഞ്ഞു തുളുമ്പാറായ കണ്ണുകളുമായി നിൽക്കുന്നു. അവൾക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് അയാളെ മാത്രമാണെന്ന് പാറുവമ്മയ്ക്കറിയാം. ഉണ്ണിമോൾ ഒന്ന് രണ്ടു തവണ അയാളെ കണ്ടിട്ടുമുണ്ട്. പാറുവമ്മ തന്നെയാണ് കാണിച്ചു കൊടുത്തതും.

കറുത്തിരുണ്ട ഒരു മനുഷ്യൻ. കഷണ്ടിത്തലയും ചെമന്ന ഉണ്ടക്കണ്ണുകളും തലയിൽ ഒരു അരക്കുട്ടയും . അങ്ങനെയാണ് അയാളെ കാണാറ്. മടക്കിക്കുത്തി കൈലിയും തോളത്തു ഒരു തോർത്തുമാണ് സ്ഥിരം വേഷം. ആ നാട്ടിൻപുറത്തെ കുട്ടികളിൽ ഭൂരിഭാഗത്തിനും അയാളെ പേടിയാണ്. പറഞ്ഞാൽ കേൾക്കാത്ത കുട്ടികളെ ജനാർദ്ദനൻ പിടിച്ചു കുട്ടയിലിട്ടോണ്ട് പോകുമെന്നാണ് പിള്ളേരോട് പറയുക.

"ശിവൻകുട്ടി അയാളേം വിളിച്ചോണ്ട് വരുന്നതിനു മുൻപ് മോളിത്‌ വേഗം കഴിച്ചോളൂ " പാറുവമ്മ ഉണ്ണിമോളേയും കൊണ്ട് തിണ്ണയിലെ പടിയിലിരുന്നു.

തിണ്ണയുടെ അരികിലെ കമ്പിയഴികൾക്കിടയിലൂടെ ചെങ്കല്ല് വിരിച്ച റോഡിലേക്ക് കണ്ണുകളയച്ചു പാറുവമ്മ നീട്ടിയ ദോശ മുഴുവനും ഉണ്ണിമോള് കഴിച്ചു.

"ഇനി ജനാതനൻ വരുവോ അമ്മൂമ്മേ "

ഉണ്ണിമോളുടെ സ്വരത്തിലെ ദൈന്യത പാറുവമ്മ ശ്രദ്ധിക്കാതിരുന്നില്ല.

"ഇനിയെന്റെ പൊന്നുമോളെ ആർക്കും ഞാൻ കൊടുക്കില്ല ട്ടോ " പാറുവമ്മ ഉറപ്പു കൊടുത്തു.

"..ഉം .."

"മോള് വാ കഴുകിയിട്ടു അപ്പുറത്തു പോയി കളിച്ചോളൂ ട്ടോ "

കൈ കഴുകിയിട്ടു, ചീകാനായി ഒരു കെട്ട് ഓലക്കാലുമെടുത്ത് പാറുവമ്മ വീണ്ടും തിണ്ണയിൽ ഇടം പിടിച്ചു.

"മാങ്ങ വേണോ പാറുവമ്മേ ...."

ശബ്ദം കേട്ട്‌ പാറുവമ്മ റോഡിലേക്ക് നോക്കി. ജനാർദ്ദനൻ ആണ്. പതിവുപോലെ അയാളുടെ കുട്ടയിൽ ഇന്നും മാങ്ങയാണ്. മാമ്പഴക്കാലം കഴിയുന്ന വരെ ഇനി അങ്ങനെ തന്നെയായിരിക്കും.

"വേണ്ടല്ലോ ജനാർദ്ദനാ. ഇവിടെ ഇരിപ്പുണ്ട്." - പാറുവമ്മ മറുപടി കൊടുത്തു.

"കൊച്ചുമോളെന്ത്യേ... കണ്ടില്ലല്ലോ " - ഉണ്ണിമോളേ തിരയുന്ന അയാളുടെ കണ്ണുകളെ അവർ സഹതാപത്തോടെ നോക്കി.

"അവൾ അപ്പുറത്തു കളിക്കുകയോ മറ്റോ ആണ്.. ഇതുവരെ ഇവിടുണ്ടായിരുന്നു ." -പാറുവമ്മ നിർത്തി .

"ഞാൻ ചന്തേലോട്ടു ചെല്ലട്ടെ" - അയാൾ നടന്നു നീങ്ങി.

ജനാർദ്ദനന് കുട്ടികളെന്നു വച്ചാൽ ജീവനാണ്; സ്വന്തമായി ഒരു കുഞ്ഞില്ലാത്തതിന്റെയും കൂടെയാണ്. പക്ഷെ അന്നാട്ടിലെ കുട്ടികൾക്കെല്ലാം അയാളെ പേടിയാണ്. അയാളുടെ കെട്ടും മട്ടും അതിനു തക്കതാണല്ലോ. വിധി. പാറുവമ്മ പതിയെ ഓലക്കാലിലേക്കു അവരുടെ ശ്രദ്ധ തിരിച്ചു.



ശുഭം.  


ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...