Thursday, February 14, 2019

അച്ഛൻ

നനയുമെൻ നെറുകയിൽ
സ്നേഹക്കണികകൾ
വിറയാർന്ന അധരത്തിൻ
വാത്സല്യ ചുംബനം

അറിയാതെ പോകയോ
പറയാതെ പോകയോ
അണപൊട്ടിയൊഴുകുന്ന
മനസ്സിന്റെ നൊമ്പരം

ഓർമ്മകൾക്കറിയില്ല
പിച്ച നടന്നതും
പിന്നെയുമറിയില്ല
രാപ്പേടി കളഞ്ഞതും

വൈകിയെത്തുമ്പോൾ
പതിവായ ചോദ്യശരങ്ങളും
തെറ്റേറ്റു ചൊല്ലാൻ 
മടിച്ച ദിനങ്ങളും 

മനസ്സിലെ വാത്സല്യം
കാട്ടാൻ മടിച്ചപ്പോൾ
അറിയാതെയകന്നതും
എന്റെയും തെറ്റല്ല.

ശരികൾ കാട്ടി
ശിലയായി നിന്നതും
താങ്ങായ് തണലായ്‌
കൂടെ നടന്നതും

കാട്ടാൻ മടിച്ചൊരാ
സ്നേഹത്തിൻ ഓളങ്ങൾ
എല്ലാമടങ്ങുന്നു
ഇന്നെൻ നെറുകയിൽ

പിറവിയുടെ നോവ്
സുഖമുള്ളതെങ്കിലും
എന്നിലേക്കെത്തുന്നു
കണ്ണീർ കണങ്ങളായ്

കരുത്താർന്ന കരങ്ങൾക്ക്
എളുതല്ല കാട്ടുവാൻ
നൈർമ്മല്യമേറും
ഉൾക്കാമ്പതൊക്കെയും

അറിയുവാൻ വൈകണ്ട
പറയാതെ പോകുമാ
സ്നേഹമനസ്സിന്റെ
പേരാണ്"എൻ അച്ഛൻ"

No comments:

Post a Comment

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...