Wednesday, December 20, 2017

മതിഭ്രമം

എന്തേ എന്നമ്മേ 
നീയെന്നെയറിഞ്ഞീല 
അന്ന്, ഈ കുഞ്ഞു-
മനസിൻ പതർച്ചകൾ,
എൻ ഉൾവലിയലുകൾ !

ഇന്ന്, "മീ ടൂ" ഹാഷ്ടാഗുമായ് 
പലരും മുറവിളിക്കുമ്പോൾ 
അതിലിടം തേടുവാൻ 
ഉള്ളാലെ വെറുക്കുന്നു.

ഞാനും കടന്നൊരവസ്ഥ-
യെന്ന് പറയാൻ മടിയല്ല 
പിച്ചിച്ചീന്തും മൂടുപടങ്ങൾ 
ഒന്നുമേയോർത്തല്ല 
ഭീഷണി ഭയന്നല്ല 
ഭീരുത്വം കൊണ്ടല്ല 
എന്റെ മാത്രം ശരികൾ 
മനസ്സിൻറെ അറകൾ 
എന്നേ താഴിട്ടിരിക്കുന്നു !

അപ്പനിൽ മൂത്തൊരാൾ 
വാത്സല്യം കാട്ടവേ 
ആരുമറിഞ്ഞില്ല കണ്ണിൽ 
കത്തിയ കാമവും !

പന്ത്രണ്ടു വയസ്സു 
തികഞ്ഞോയെന്നറിവീല 
അന്നെയറിഞ്ഞു 
അയാളുടെ വിരലിലെ 
അഴുകിയ ചേഷ്ടകൾ !

നീയുമറിഞ്ഞില്ല 
ആരുമറിഞ്ഞില്ല 
ഉള്ളിലെ ചോദ്യങ്ങൾ 
പിന്നെയും ബാക്കിയായ്‌!

എന്തിനെന്നറിവീല 
അന്ന് ഞാൻ ചെന്നത് .
എന്താണെന്നറിവീല 
ഞാൻ അലറി വിളിച്ചില്ല !

അയാളിലെ കാടത്തം 
പറിച്ചൊരു തുണിയുമായ് 
ഞാൻ വന്നതുമെന്തേ 
നീയറിയാതെ പോയി !

പിന്നെയുമെത്രയോ 
മുഖങ്ങൾ, ഒക്കെ മറക്കട്ടെ .
പൊതുനിരത്തിലൊരു ദിനം 
വാക്കാൽ നഗ്നയായപ്പോൾ 
ഒക്കെയും ഒക്കെയും 
എനിക്കു ഞാൻ മാത്രമായ്!

ഓരോ മുറിവും 
മറച്ചു സമർത്ഥമായ് 
നിൽപ്പൂ ഞാനേകയായ് 
എട്ടും കൂടിയ മുക്കിതിൽ!

എൻ മകൾ വളരവേ 
കഴുകൻ കണ്ണുകൾ 
പരതിപ്പരതി  ഞാൻ 
അവൾക്കു പിമ്പേ 
നടന്നവളറിയാതെ!

ഒടുവിലിന്നവളെന്നെ 
തനിച്ചാക്കി, കിട്ടിയ 
പുതിയ പേരോ 
"മതിഭ്രമം" !






Monday, September 25, 2017

നുറുങ്ങുകൾ 6

അപകർഷതാബോധം കൊണ്ട് ഒന്നിലും അധികം കൂടാതെ, എന്നാൽ ഉള്ളുകൊണ്ട് എല്ലാത്തിലും കൂടി, പൊതുവെ നിശബ്ദരായി ഓരോ കാലവും നീക്കുന്നവർക്കാകും ഒരു പക്ഷെ ഓർമകളുടെ തേരോട്ടം എന്നും മനസ്സിൽ. നൊസ്റ്റാൾജിയ എന്ന് പറയുന്നത് ഇക്കൂട്ടരുടെ കുത്തകയാണോ എന്നുകൂടി തോന്നിപ്പോകും ചിലപ്പോൾ, ഇവരിലെ ഓർമകളുടെ കുത്തൊഴുക്ക് കാണുമ്പോൾ!

Tuesday, February 28, 2017

നുറുങ്ങുകൾ 5

നിനക്കു വേണ്ടയെന്നായപ്പോൾ
  അകന്നു മാറിയതും എന്റെ തെറ്റ്!
  അകന്നു മാറിയ നൊമ്പരം പങ്കിടാൻ
  അടുത്തു വന്നതും എന്റെ തെറ്റ്!"

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...