Wednesday, May 27, 2015

കടൽ....ചെറുവാക്കുകളിൽ......

കടൽ മനുഷ്യനെപ്പൊൽ
ആഴം മനസ്സുപോൽ
കാണാക്കാഴ്ചകൾ
അനവധി നിരവധി
ഓരോ തിരയും
പുതുസ്വഭാവങ്ങൾ
ആടയാഭരണങ്ങൾ
മേനിക്കോ മനസ്സിനോ
ചേർത്തണയ്ക്കുമ്പോൾ
മരണം മുഖാമുഖം.

Thursday, May 21, 2015

താലികെട്ട്

ഇതൊരു മതാചാരമോ സാമൂഹിക ആചാരമോ ആണോ...... ഒരാണിനും പെണ്ണിനും പരസ്പരം വിശ്വസിച്ച് അന്യോന്യം താങ്ങും തണലുമായി ഒരായുഷ്കാലം ഒരുമിച്ച് ജീവിക്കാൻ ഒരു താലിച്ചരട് വേണോ എന്നുള്ളത് ഇന്നത്തെ സമൂഹത്തിന്റെ അല്ലെങ്കിൽ ഇപ്പോഴത്തെ ന്യൂ ജെനെരെഷന്റെ ഒരു പ്രധാന ചോദ്യമാണ്. ഒരു വിധത്തില സമൂഹത്തെ ബോധ്യപ്പെടുതലാണ് താലി, അല്ലെങ്കിൽ ഒരു രക്ഷാകവച്ചമാണത്. സാമാന്യമായ ചൂഷണങ്ങളും അതിനോടൊപ്പം തന്നെ നടക്കുന്നുണ്ടെന്നത് പച്ചപരമാർത്ഥം. പഴയ സിനിമയിലെപ്പോലെ ഇന്നത്തെ ഭാര്യമാർ താലി ചൂണ്ടിക്കാട്ടി അതിന്റെ മഹത്വം പറയാറില്ല....എങ്കിലും അതിന്റെ മഹത്വം അന്യം നിന്നുപോയിയെന്നു വിശ്വസിക്കുക പ്രയാസം. സ്വാർത്ഥമോഹങ്ങളേ ഒരു പരിധിവരെയെങ്കിലും മാറ്റി നിർത്തുമ്പോൾ, തങ്ങള്ക്കുണ്ടായ കുഞ്ഞുങ്ങൾക്ക് വേണ്ടി, അവരുടെ ഭാവിയെക്കരുതി ഒന്ന് ചിന്തിക്കുമ്പോൾ ഒരു പക്ഷെ ഇന്നത്തെ വിവാഹമോചനങ്ങൾ ചെറിയ ഒരു പരിധി വരെയെങ്കിലും കുറയുമെന്ന് വിശ്വസിക്കാതെ വയ്യ. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങുമ്പോൾ, ഒരാളുടെ തണലില്ലാതെ ജീവിക്കമെന്ന ധൈര്യമോ ചില സന്ദർഭങ്ങളിൽ അഹമ്ഭാവമോ വരുമ്പോൾ താലികൾ നിരത്തിലേക്ക്. ചടങ്ങുകളിൽ അണിഞ്ഞൊരുങ്ങലുകൾ കൂടുമ്പോൾ താലികൾ ഭദ്രമായി അലമാരകല്കുള്ളിൽ ഒതുങ്ങിക്കൂടുന്നു. ശെരിയും തെറ്റും ഏതെന്ന് വേർതിരിക്കാനുള്ള ഒരു വേദിയായി ഈ പോസ്റ്റിനെ മാറ്റാനുള്ള ഒരു ശ്രമവുമില്ല.ഒരു പക്ഷെ ഇന്നും ഒരു പെണ്ണിന് താലി കെട്ടുമ്പോഴുണ്ടാവുന്ന  പ്രത്യേക വികാരം സുരക്ഷിതത്വ ബോധം വേറൊന്നിനും  ഉണ്ടാക്കാൻ കഴിയില്ല എന്ന് വിശ്വസിക്കാനാണ് ഇന്നും മനസ്സ് പറയുന്നത്. എല്ലാറ്റിലും നെല്ലും പതിരുമുന്ടെന്നതും ഈ തരുണത്തിൽ ഓർമയിൽ നിലനില്ക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ ഒരു പക്ഷെ താലി തേഞ്ഞു പോയേക്കാം. പക്ഷെ അതുണ്ടാക്കുന്ന ബന്ധം ഓർമയിൽ നിന്ന് പരിചെരിയുന്നത് അസാധ്യമെന്നു തന്നെ പറയേണ്ടിയിരിക്കുന്നു, വിവാഹങ്ങളെക്കാൾ വിവാഹമോചാനങ്ങൾ കൂടുന്ന സാഹചര്യങ്ങളിൽ പോലും

Wednesday, May 6, 2015

വരകളും നിറങ്ങളും

വളരെ കാലങ്ങൾക്ക്‌ ശേഷം അക്ഷരങ്ങളിലേക്ക് ഒരെത്തിനോട്ടം. കാക്കത്തൊള്ളായിരം ബ്ലോഗുകൾക്കിടയിലെക്ക് ഒരെണ്ണം കൂടി. വേണോ വേണ്ടയോ എന്നുള്ള കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ എന്തായാലും ഒന്ന് പയറ്റി നോക്കാമെന്ന് കരുതി. അനേകരിൽ ഒരാൾ ആകാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും എവിടെയെങ്കിലും ഒന്ന് എല്ലാം കൂടെ കുറിച്ചുവയ്ക്കണമല്ലോ എന്നോർത്തപ്പോൾ ആകാമെന്നു കരുതി.

ഭ്രാന്തുകൾ ഏറുന്നു. നിറങ്ങൾ മായുന്നതിനു മുന്നേ കുറെയേറെ വരകളും വർണ്ണങ്ങളും. വാകമരങ്ങൾ പൂത്തുനിൽക്കുന്നു. ആ കാഴ്ച തന്നെ മനസ്സില് വല്ലാത്തൊരു പ്രണയം വാരിവിതറുന്നു. ഇനി കുറെ കൌതുകങ്ങൾ..........


അപർണ പനമൂട്ടിൽ രാധിക