Tuesday, January 22, 2019

കട്ടുറുമ്പ്


ഇന്നെണീക്കാനേ തോന്നുന്നില്ല. നേരത്തെ എഴുന്നേൽക്കണമെന്നു കരുതിയാണ് ഇന്നലെ കിടന്നത്; മാളു കട്ടിലിൽ കിടന്നു വെറുതെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു.

ഇന്നാണ് സജിയണ്ണൻ പോകുന്നത്. ബോംബെക്കോ മറ്റോ ആണെന്ന് പറയുന്നത് കേട്ടു. അവിടെയെന്തോ ജോലിയായെന്നു വല്യമ്മ പറയുന്നുണ്ടായിരുന്നു. ആരോടും പരിഭവം പറയാനില്ല. തനിക്കെന്താ ഇത്രമാത്രം വിഷമമെന്നു മാളുവിനറിയില്ല.


വല്യമ്മയുടെ വീട്ടിലാണ് നിൽപ്പെങ്കിലും സ്വന്തം വീടല്ലെന്ന ഒരു തോന്നലുമുണ്ടായിട്ടില്ല. കളിക്കാൻ കൂട്ടുകാർ ആരുമില്ലെന്നതൊഴിച്ചാൽ അവിടമാരുന്നു അവളുടെ വീട്. 10 വയസ്സിനോളം മുതിർന്നതായിരുന്നെങ്കിലും അവിടുത്തെ ചേട്ടനായിരുന്നു കളിക്കൂട്ടുകാരൻ.... കുട്ടിക്കുറുമ്പുകൾക്കു മിക്കവാറും കൂടെയുണ്ടാവും. എങ്കിലും ചില നേരങ്ങളിലെ ഒറ്റപ്പെടൽ വല്ലാത്തതാണ്.

ടി വി ഒന്നും സാർവത്രികം അല്ലായിരുന്നതുകൊണ്ട് അടുത്ത വീട്ടിലെ ടി വി ആയിരുന്നു ഇടയ്ക്കെങ്കിലും ഒരു സമാധാനം. ഞായറാഴ്ചകളിൽ സിനിമ കാണാൻ ആ ചുറ്റുവട്ടത്തെ ആളുകളൊക്കെ അവിടെ കാണും.ആ ദിവസങ്ങളിൽ എന്നോ ആണ് സജിയണ്ണനെ പരിചയപ്പെട്ടത്. വല്യച്ഛൻ സ്‌കൂൾ മാഷായതുകൊണ്ടും നാട്ടിലെ പരിപാടികൾക്കൊക്കെ സ്ഥിരസാന്നിദ്ധമായതുകൊണ്ടും നാട്ടിലൊക്കെ സർവ്വസമ്മതനായിരുന്നു. അന്നൊക്കെ ചുറ്റുവട്ടത്തുള്ള ഒരുമാതിരി എല്ലാ വീടുകളിലെയും കുഞ്ഞുകുട്ടികളെ വരെ നാട്ടുകാർക്ക് അറിയാമായിരുന്നു. ചാനലുകൾ മാറ്റാനായി അധികമൊന്നുമില്ലാതിരുന്നതുകൊണ്ട് പരസ്യത്തിന്റെ നേരങ്ങൾ ബഹളമയമായിരുന്നു. അന്നൊക്കെ സജിയണ്ണൻ മാളുവിന്‌ ഒരു പ്രത്യേക കരുതൽ കൊടുത്തിരുന്നു . അതുകാരണമാവാം സജിയണ്ണനോട് ഒരു പ്രത്യേക അടുപ്പം അവൾക്കുണ്ടായിരുന്നു.

എന്തെങ്കിലും കാരണത്തിന് വല്യമ്മയുടെ വീട്ടിലേക്ക് സജിയണ്ണൻ വന്നാൽ ഒരു ചെറിയ പാക്കറ്റ് മധുരമുള്ള ചെറിപ്പഴങ്ങൾ അവൾക്കായി ആരും കാണാതെ ജനാല വഴി എത്തിക്കുമായിരുന്നു. ആ സജിയണ്ണനാണ് ഇന്ന് ബോംബേക്കു പോകാൻ പോകുന്നത്. അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. അവളുടെ കുഞ്ഞുമനസ്സിലെ കുന്നോളം പോന്ന വിഷമം ആരോട് പറയണമെന്നറിയാതെ മാളു കുഴങ്ങി.

ഇനിയും കിടക്കാൻ പറ്റില്ല. വല്യമ്മയുടെ വിളി വന്നു. പല്ലൊക്കെ തേച്ചു മുഖമൊക്കെ കഴുകി എന്തോ കഴിച്ചുവെന്ന് വരുത്തി. രാവിലെ 10 മണിക്കെന്തോ ആണ് സജിയണ്ണന്റെ ബസ്സെന്നു പറയുന്നത് അവൾ കേട്ടിരുന്നു. അപ്പോഴേക്കും ബസ് സ്റ്റോപ്പിലെത്തണം. ബസ് സ്റ്റോപ്പടുത്തു തന്നെയാണ്; തെക്കേപ്പുറത്തുകൂടെ ഇറങ്ങി ആ ഒഴിഞ്ഞ പറമ്പ് കടക്കേണ്ടതേയുള്ളു.

വല്യമ്മ ഇറങ്ങുന്നതിനു മുന്നേ മാളു വേഗം ഇറങ്ങി. സ്റ്റോപ്പിലെത്തിയപ്പോഴേക്കും ഒരു ആൾക്കൂട്ടമുണ്ടവിടെ. നാട്ടിന്പുറത്തുന്നു ആരേലും ദൂരേക്ക് പോകുമ്പോൾ നാട്ടുകാരൊക്കെ അന്നൊക്കെ കൊണ്ടാക്കാൻ പോകുമായിരുന്നു. സജി അവളോട് യാത്ര പറഞ്ഞു നീങ്ങി. നടന്നു നീങ്ങുന്നതുപോലും കാണാൻ അവൾക് കഴിഞ്ഞില്ല; ഒരു പെരുമഴയ്ക്കുള്ള നീരുണ്ടായിരുന്നു അവളുടെ കണ്ണുകളിലപ്പോൾ.

സജി പോകുന്നതും നോക്കി അവിടെ നിന്ന ഒരു ചെറിയ മാവിൻ തയ്യിൽ മാളു വെറുതെ കോറിക്കൊണ്ടിരുന്നു. ബസ്സു വന്നതും പോയതുമൊക്കെ വേഗം കഴിഞ്ഞു. ആളുകളൊക്കെ തിരിഞ്ഞു തുടങ്ങി. മിക്ക കണ്ണുകളും ഈറനണിഞ്ഞിരുന്നതുകൊണ്ട് അവൾ കരയുന്നതു കാണാൻ ആർക്കും നേരമുണ്ടായില്ല. ബസ്സു പോയ വഴിയേ കണ്ണയയ്ച്ചുകൊണ്ട് നിന്നപ്പോൾ ബ്ലേഡുകൊണ്ട് വരഞ്ഞപോലെ വിരൽ നീറി. മാവിൽ കോറിക്കൊണ്ടിരുന്ന വിരലാണ് .
....ഹാ.... വല്ലാണ്ട് വേദനിക്കുന്നല്ലോ...ചോരയും പൊടിയുന്നു....
അവളുടെ ഒച്ച കേട്ട് വല്യമ്മ നോക്കിയിട്ടു പറഞ്ഞു....
നീയെന്തിനാ മാളു ആ കട്ടുറുമ്പിന്റെ കൂട്ടത്തിലേക്കു കയ്യിടാൻ പോയത്...
..... അപ്പൊ ഇതായിരുന്നോ കട്ടുറുമ്പ് ....
ഉം ....
പറഞ്ഞു കേട്ടുള്ള അറിവേ ഉള്ളു.... വലിയ ചോനലുറുമ്പാവുമെന്നു കരുതിയാണ് ഇതുവരെ ഗൗനിക്കാതിരുന്നതെന്നു മാളു വിഷമത്തോടെ ഓർത്തു. സജിയണ്ണൻ പോയ വിഷമം ഒരിടത്തു....കൂട്ടത്തിലാണിപ്പോൾ വിരലിലെ അരപ്പും മുറിവും..... മൂന്നാലു കട്ടുറുമ്പിന്റ ഇടയിലോട്ടു വിരലുകൊണ്ടുക്കൊടുത്തപ്പോൾ അതെല്ലാം കൂടെ നല്ലവണം അങ്ങ് ഇറുക്കി... അതൊരു മുറിവായി. അത് കഴിഞ്ഞു മാളുവിന്‌ കട്ടുറുമ്പിനെ എവിടെ കണ്ടാലും അറിയാമെന്നായി.

ശുഭം.                     

No comments:

Post a Comment

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...