Friday, November 23, 2018

കടലാവണക്കുകൾ...........


ഒന്ന്.

വീടും പറമ്പുമൊക്കെ കാട് കേറിക്കിടക്കുകയാണെന്നു അച്ഛൻ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ജോലിയും പിള്ളേരും സ്‌കൂളും പരീക്ഷകളുമൊക്കെയാകുമ്പോൾ ഇതൊക്കെ ഒന്ന് തിരിഞ്ഞു നോക്കാൻ കൂടി പറ്റുന്നില്ല………...മാറ്റിവച്ച ഒക്കേത്തിനും കൂടിയാണ് ഈപ്രാവശ്യത്തെ വരവ്. മൂന്നു ദിവസം ആളെ നിർത്തിയിട്ടും വലിയതായി കാട് പിടിച്ചു നിന്നവ മാത്രമേ വെട്ടിമാറ്റാൻ കഴിഞ്ഞുള്ളൂ.. ഇന്നിപ്പോൾ ഇത്തിരി വെളിച്ചം കിട്ടാറായിട്ടുണ്ട് . ഇന്നെന്തായാലും കുട്ടികളെയും കൂടെ കൂട്ടി...സ്‌കൂളടച്ചത് കൊണ്ട് പഠിക്ക്,  എഴുത് എന്ന അമ്മച്ചീടെ സ്ഥിരം പല്ലവി കേൾക്കേണ്ടാല്ലോ എന്ന സന്തോഷം അവരുടെ മുഖത്തു ചെറുതൊന്നുമല്ല.....വല്ലപ്പോഴുമേ കാണാൻ കിട്ടുന്നുള്ളുവെങ്കിലും മണ്ണും വെള്ളവും കൂടിയാകുമ്പോൾ അവർക്കു സ്വർഗം കിട്ടിയതുപോലെയാണ്…..അമ്മച്ചി പിച്ച വച്ച മണ്ണിൽ അവരും ഓടിക്കളിക്കട്ടെ………..


ഹാ .... ഇവിടെ വരുമ്പോൾ വല്ലാത്തൊരു ഉണർവാണ്... എന്റെ മണ്ണും മരങ്ങളും .... നാട്ടിൽ കിട്ടുന്ന പലജാതി മരങ്ങളും തേടിപ്പിടിച്ചു കൊണ്ടുവന്നു നട്ടുവളർത്താൻ അച്ഛന് ഒരു പ്രത്യേക ഇഷ്ടമാണെന്നു തോന്നും.... മിക്കതും പറമ്പിലുണ്ട്.... അതുകൊണ്ടെന്താ കുയിലും ഉപ്പനും തത്തമ്മയും ഓലേഞ്ഞാലിക്കിളിയും ഇരട്ടത്തലപ്പനും പേരറിയാത്ത വേറെ കുറെ കിളികളും ഒക്കെയുണ്ടിവിടെ.... ഇതുങ്ങളുടെയെല്ലാം സ്വൈര്യവിഹാര കേന്ദ്രമാണിവിടം. ഇവിടെത്തിക്കഴിഞ്ഞാൽ എന്ത് പറഞ്ഞു തുടങ്ങണമെന്നറിയില്ല.... മൗനങ്ങളുടെ കൂട്ടുകാരിക്കു വാക്കുകൾ മതിയാകാതെയാകുന്നു ....

കുട്ടികളുടെ കളികളുടെ ശബ്ദം വീണ്ടും എന്നെ തിരികെക്കൊണ്ടുവരുന്നു. കാടില്ലാത്തിടത്ത് നിന്ന് കളിച്ചാൽ മതി ട്ടോ... അവിടൊക്കെ  മുഴുവനും കാടാണ്...ഇഴജന്തുക്കൾ എന്തേലും കാണും കാട്ടിലൊക്കെ ..... മൂർഖനും അണലിയുമൊക്കെ ഇവിടുണ്ടെന്നു ആളുകൾ പറയുന്ന കേട്ടിട്ടുണ്ട്.... എന്റെ മക്കളെ അതുങ്ങളൊന്നും ചെയ്യാൻ പോണില്ല എന്നുള്ളത് എനിക്കുറപ്പാണ്.... കുരിയാലയും ദൈവങ്ങളും അപ്പൂപ്പനമ്മൂമ്മമാരും വാഴുന്ന മണ്ണാണ്.... അതിനെ കാക്കാനാണവയൊക്കെ... നമ്മളതുങ്ങളെ ഉപദ്രവിക്കണ്ടിരുന്നാൽ വന്നു കണ്ടിട്ട് അവ താനേ പൊയ്ക്കോളും.

രണ്ട്.
തെക്കുവശവും കിഴക്കു വശവും അച്ഛൻ നേരത്തെതന്നെ മതിൽ കെട്ടിയതു നന്നായി....അതിക്രമിച്ചു കയറൽ  കുറെയെങ്കിലും  ഒഴിവായിക്കിട്ടി . മതിലുവരെയെത്തണമെങ്കിൽ ഈ പാഴ്മരങ്ങളോട് ഒരു വലിയ പടപൊരുതൽ തന്നെ വേണ്ടി വരും. മതിലിനും മേലെയായി എല്ലാം. തെക്കേത്തറയിൽ മണ്ണടിച്ചത് എന്റെ കൊച്ചിലെ ആയിരുന്നോ. അങ്ങനെയെന്തോ ഒരു നേരിയ ഓർമ്മ. പുതുതായടിച്ച ചെമ്മണ്ണിനു മേലെ അതിശയത്തോടെ അല്പം ഗർവോടെ നിൽക്കുന്ന ഒരു കാഴ്ച അവ്യക്തമായി മനസ്സിലെവിടെയോ ഇപ്പോഴുമുണ്ട്.

സ്‌കൂളിലെ ചെറിയ ക്ലാസ്സിലെന്നോ ആണ് ദിക്കുകൾ പഠിപ്പിച്ചത്... എത്ര മനസ്സിലാക്കാൻ ശ്രമിച്ചിട്ടും തെക്കും കിഴക്കും വടക്കും പടിഞ്ഞാറുമൊക്കെ തെറ്റിപ്പോകുന്നു. ഒടുവിൽ തെക്കേത്തറയിലെ ആ ചെമ്മണിന് മേലെ കിഴക്കോട്ടു നോക്കി നിന്നാണ് അതൊന്നു മനസ്സിലാക്കിയെടുത്തത്. ഇപ്പോഴും എവിടെയെങ്കിലും ചെല്ലുമ്പോൾ ഒരു ദിക്കറിയുമെങ്കിൽ ആ തെക്കേത്തറയിൽ നിൽക്കുവാണെന്നങ്ങു സങ്കൽപ്പിക്കും . അപ്പോൾ   തെക്കും കിഴക്കും വടക്കും പടിഞ്ഞാറുമെല്ലാം തനിയെ മനസ്സിലായിക്കോളും.

സമ്പന്നതയുടെ മടിത്തട്ടിലൊന്നുമല്ല പിറന്നു വീണതെങ്കിലും അല്ലലില്ലാതെ കഴിയാനുള്ളത് എന്നുമുണ്ടായിരുന്നു...ഞങ്ങൾ മക്കൾക്കു ഒരിക്കലും അമിതമായി ഒരു ആഗ്രഹവുമുണ്ടായിട്ടില്ല; ഒരു ഐസുമിഠായിക്ക് പോലും . ഐസിന്റെ മണിയടി കേൾക്കുമ്പോൾ അപ്പുറത്തെയും ഇപ്പുറത്തെയുമൊക്കെ കുട്ടികൾ പോയി വാങ്ങുമ്പോഴും ഞങ്ങൾക്കെപ്പോഴും അരുതാത്ത എന്തോ ആയിരുന്നു. വീടിന്റെ അടുത്തുകൂടെ ഐസും കോൺ ഐസ്ക്രീമുക്കൊക്കെ സ്ഥിരമായി വരാറുണ്ടെങ്കിലും ഞങ്ങൾ അവയുടെ രുചിയറിഞ്ഞത് ഒരു കയ്യിലെണ്ണാവുന്നിടത്തോളം പോലും വരില്ല. വല്ലപ്പോഴും ഐസ്ക്രീമിന്റെ പൊടി വാങ്ങി അമ്മച്ചി ഐസ്ക്രീമുണ്ടാക്കിത്തരും. അന്ന് ആഘോഷമാണ്. കയറിയിറങ്ങി തിന്നുമെങ്കിലും ഒന്ന് രണ്ടു ദിവസത്തേക്കെങ്കിലും ഞങ്ങൾ ബാക്കി വച്ചേക്കും. ഇതിനൊന്നിനും ഒരിക്കലും ഒരു പരാതിയുമില്ലായിരുന്നുവെന്നത് ഇപ്പോഴും അതിശയമാണ്

അച്ഛനെന്നും ആ നാട്ടിൽ വിലയുണ്ടായിരുന്നു. കഷ്ടപ്പാടുകൾക്കിടയിൽ വളർന്നു ഒരു ക്ലാസ്സിലും തോൽക്കാതെ നല്ല മാർക്ക് വാങ്ങിപ്പഠിച്ച് സർക്കാരുജോലിയിൽ എൻജിനീയറായതിന്റെ വില. കള്ളുകുടി, സിഗരറ്റു വലി, കൂട്ടുകെട്ട്  ഇമ്മാതിരി ഒരു ദുസ്വഭാവവുമില്ലാതെ ആ നാട്ടിലെ അഭിമതൻ. ഒന്നോർത്താൽ ഇതെല്ലാം കൊണ്ട് ഞങ്ങളുടെ പെരുമാറ്റങ്ങളും അറിയാതെ ചട്ടക്കൂടിനകത്തായിപ്പോയി. അതിരു വിട്ടെന്നതു പോയിട്ട് അതിരിന്റടുത്തേക്കു പോലും പെരുമാറാൻ വയ്യന്നായി



മൂന്ന്

"അമ്മച്ചീ .....അവിടെ ദേ വെള്ളം ..."

മക്കളുടെ വിളി ഓർമകളിൽ നിന്ന് വേഗം തിരികെക്കൊണ്ടു വന്നു. തെക്കേപ്പറമ്ബ് മുക്കാൽ പങ്കും തെളിഞ്ഞു കഴിഞ്ഞു. അപ്പോഴാണ് കുളത്തിലെ വെള്ളം കാണാനായത്.

" അത് കുളമാണ് മക്കളെ....."

"കുളമോ...അത് അമ്പലത്തിൽ അല്ലെ...."

അവരെ പറഞ്ഞിട്ട് കാര്യമില്ല. അവർ അമ്പലത്തിൽ മാത്രേ ഇപ്പോൾ  കുളങ്ങൾ കാണാറുള്ളു. ഇത്ര നാളും ഇവിടെ വന്നിട്ടും കുളത്തിന്റവിടെയൊക്കെ കാടായതുകൊണ്ട് ഇവരെ അങ്ങോട്ട് വിട്ടിട്ടേ  ഇല്ല.

"പണ്ടൊക്കെ വീടുകളിലും ഉണ്ടായിരുന്നു... അമ്മച്ചിയൊക്കെ കുഞ്ഞിലേ ഈ കുളത്തിലായിരുന്നു കുളിക്കുന്നത്...."

"കുളത്തിലോ....??? " - അവരുടെ മുഖത്ത് അത്ഭുതം.

"നിങ്ങൾക്കൊക്കെ ഉള്ളപോലെ ആളാം വീതം ഓരോ കുളിമുറിയൊന്നും ഉണ്ടായിരുന്നില്ല പണ്ട്."

"ഉം..."

"പിന്നെ കുളത്തിലാവുമ്പോൾ വെള്ളത്തിനും ക്ഷാമമില്ലല്ലോ...."

കുളിമുറിയുള്ള വീടുകൾ അന്നൊക്കെ തീരെ കുറവായിരുന്നു... വിരലിൽ എണ്ണാവുന്നവ എന്ന് വേണമെങ്കിൽ പറയാം. മിക്ക വീടുകളിലും മെടഞ്ഞ ഓല കൊണ്ടുണ്ടാക്കിയ ഒരു കുളിപ്പുര കാണും.... കാലുകഴുകാൻ ഒരു ചെറിയ കല്ലും അതിൽ മേല് തേക്കാൻ  ഒരു മുറി ലൈഫെബോയ് സോപ്പും   തേഞ്ഞ കുറെ ചകിരിയും... ഇതായിരുന്നു മിക്കയിടത്തും....കുളിമുറി ഉള്ളതുകൊണ്ടാവും വീട്ടിൽ അങ്ങനെ ഒരു കുളിപ്പുര കണ്ടിട്ടേയില്ല.

വീട്ടിൽ കുളിമുറി ഉപയോഗം സ്‌കൂളിൽ പോകുന്ന ദിവസങ്ങളിലേക്കും വേനലവധിക്കും മാത്രമായി ചുരുങ്ങും. കുറച്ചു സമയം കിട്ടിയാൽ കുളത്തിലേക്കോടും... കുളത്തിനടുത്തൊരു മറപ്പുര പണ്ടേ ഒരു വലിയ ആഗ്രഹമായിരുന്നു. മതിലുകളൊന്നും ഇല്ലാതിരിന്നിട്ടു കൂടിയും അന്നൊക്കെ ധൈര്യമായി പറമ്പിലെ കുളത്തിൽ പോയി കുളിക്കാമായിരുന്നു. കഴുകൻ കണ്ണുകൾ എവിടെയും എത്തിയിരുന്നില്ല. ഇന്നൊക്കെ പുരയ്ക്കകത്തെ കുളിമുറിയിൽ നിന്ന് കുളിക്കാൻ പോലും പേടിയാണ്.

അച്ഛന് എല്ലാത്തിനെയും ബന്ധിപ്പിക്കാൻ ഒരു കഥ കാണും. നർമത്തിൽ പൊതിഞ്ഞ ഓരോ അനുഭവങ്ങളോ സാക്ഷ്യങ്ങളോ ആകും മിക്കതും ; ഞങ്ങൾക്കത് ഒരു പക്ഷെ രസകരങ്ങളായ കഥകൾ ആയിരുന്നു. കുളത്തിനെപ്പറ്റിയും അങ്ങനെയൊരെണ്ണമുണ്ട്. അതിങ്ങനെയാണ്.

പണ്ട് കുടുംബത്തിൽ ഒരു കുളമുണ്ടായിരുന്നു. തുണി നനയ്ക്കാനും കൃഷിക്കും എല്ലാത്തിനും അതിൽ നിന്നാണ് വെള്ളമെടുത്തു പോന്നത്. അതിലെ വെള്ളം ചീത്തയാക്കിയെന്നോ മറ്റോ പറഞ്ഞു മുതിർന്നവരാരോ ബഹളമുണ്ടാക്കി. വീട്ടിലെ പെൺകുട്ടികളിൽ ഒരാൾക്കതു കൊണ്ടു. ഓല ചീയാൻ കുളത്തിൽ കൊണ്ടുപോയിട്ടെന്നോ മറ്റോ ആയിരുന്നു ബഹളം. അത് തന്നെയുദ്ദേശിച്ച പറഞ്ഞതാണെന്ന് ഉറപ്പിച്ച പുള്ളിക്കാരി പോയി ഒറ്റക്കു കുളം കോരി വറ്റിച്ചു എന്നാണ് കഥ. എന്തോരം വറ്റിച്ചു എന്നൊന്നും ഉറപ്പില്ലേലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുള്ളത് തന്നെയാണ് എന്ന് പിന്നീടെപ്പോഴോ മനസ്സിലായി.

"....ആഹ്...."

"യ്യോ...എന്തുപറ്റി..."

"ങ്ങീ ....ങ്ങീ "

"നീ കരയാതെ കാര്യം പറ കുഞ്ഞേ"

"ചേട്ടായീടെ കൈ മുറിഞ്ഞമ്മച്ചീ..."

മോളപ്പോഴേക്കും കാര്യം പറഞ്ഞു. നോക്കിയപ്പോൾ  ശരിയാണ്. ചോര പൊടിയുന്നുണ്ട്. എന്നാലും അത്ര കാര്യമായിട്ടൊന്നും ഇല്ലല്ലോ എന്നോർത്തു സമാധാനപ്പെട്ടു.

"നോക്കി നടക്കണമെന്ന് പറഞ്ഞില്ലാരുന്നോ ഞാൻ....ഇവിടൊക്കെ കാട് കേറിക്കിടക്കുവല്ലേ"

"ദ്ദേ...അതിൽ പിടിച്ചതാണമ്മച്ചീ...." - അവൾ ചൂണ്ടിക്കാട്ടി.

ഒരു ചുണ്ട കായ്ച്ചു പഴുത്തു നിക്കുന്നു. കുളത്തിനടുത്തേക്കെത്താനുള്ള വെപ്രാളത്തിൽ അതിൽ കയറിപ്പിടിച്ചതാണ്.

"കുഴപ്പമില്ല മോനെ..."

"...."

"കുറച്ചു  കഴിയുമ്പോൾ അതങ്ങ് കരിഞ്ഞോളും"

"ങ്ങീ ....ങ്ങീ "

അവൻ നിർത്താനുള്ള ഭാവമില്ല. ഇവിടെയാണേൽ മരുന്നിനു ഒന്നും കൊണ്ടുവന്നിട്ടുമില്ല.

"അമ്മച്ചി നോക്കട്ടെ... മുറിവുണങ്ങാൻ എന്തേലും മരുന്നിവിടെ ഉണ്ടോന്ന് "

"....ഉം...."

അവൻ കുറച്ചൊന്ന് സമരസപ്പെട്ടപോലെ തോന്നി. എന്ത് മരുന്ന് വയ്ക്കും. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഒന്നും ചെയ്തില്ലേൽ അവൻ ഉടനെയൊന്നും കരച്ചില് നിർത്താനും പോകുന്നില്ല. ഇനിയെന്താ ഒരു വഴി...ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്കി. ഇനിയുള്ളത് കുറെ ചുണ്ടയും തൊട്ടാവാടിയും കടലാവണക്കുമൊക്കെയാണ്. ... കടലാവണക്ക് മതിയല്ലോ തല്ക്കാലം. ഇതൊക്കെ അച്ഛൻ കളയാതെ നിർത്തിയിരുന്നതുകൊണ്ട് ഇപ്പൊ ഉപകാരമായി. ഒരില അടർത്തി അതിന്റെ കറ അവന്റെ കുഞ്ഞുവിരലിലേക്കിറ്റിച്ചു.

"നല്ല മരുന്നാണ് ട്ടോ ... അമ്മച്ചിയൊക്കെ കുഞ്ഞിലേ കുറെ പുരട്ടിയിട്ടുള്ളതാണ്."

"....ഉം...."

"ഇനിയിത്തിരി പഞ്ഞി വേണ്ടേ....അമ്മച്ചിയൊന്നു നോക്കട്ടെ കേട്ടോ"

ഒരു തൈത്തെങ്ങ് തെക്കേമൂലക്ക് നിൽക്കുന്നതു കണ്ടിരുന്നതുകൊണ്ട് വേഗം അങ്ങോട്ടോടി. മടൽപ്പൊളിയിൽ നിന്ന് കുറച്ചു പൊടി ചുരണ്ടിയെടുത്തു. അതിന്റെ പേരെന്താണെന്നു ഇപ്പോഴുമറിയില്ല. പണ്ടൊക്കെ പറമ്പിൽ വച്ചുണ്ടാകുന്ന മുറിവുകൾക്കു മിക്കപ്പോഴും ഇതായിരുന്നു ഒറ്റമൂലി. കടലാവണക്കിന്റെ കരയുടെ മുകളിൽ ആ പൊടി ഒരു പഞ്ഞി പോലെ വച്ചപ്പോൾ അവന്റെ മുറിവ് പാതിയുണങ്ങി; അവന്റെ മനസ്സിൽ. പല കാര്യങ്ങൾക്കും മനസ്സാണ് നല്ല മരുന്ന് എന്ന് പലപ്പോഴും തോന്നാറുണ്ട്. കടലാവണക്കിന്റെ കറയ്ക്ക് എത്രമാത്രം ഔഷധഗുണമുണ്ട് എന്നൊന്നും ഇപ്പോഴുമെനിക്കറിയില്ല; പക്ഷെ കുഞ്ഞു മനസ്സിൽ പണ്ട് കയറിയ നിരുപദ്രവങ്ങളായ ചില വിശ്വാസങ്ങൾ അങ്ങനെയേ കൊണ്ടുപോകുന്നതിലും ഒരു സുഖമുണ്ടല്ലോ.

"ഇന്നെന്തായാലും ഇത്രേം മതി... നേരം സന്ധ്യയാകുന്നു. ബാക്കി നാളെ നോക്കാം "

"ഉം...." "ഉം..."

രണ്ടാളുടെയും മറുപടി വേഗം വന്നു. പിന്നെയും അവിടെത്തന്നെ നില്ക്കാൻ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നുവെങ്കിലും ഇരുളുന്നതിനു മുന്നേ വീടെത്തണമെന്ന ഇറങ്ങുമ്പോഴെയുള്ള അച്ഛന്റെ പറച്ചിൽ ഓര്മ വന്നതുകൊണ്ട് ഒക്കെ പൂട്ടിക്കെട്ടി വേഗമിറങ്ങി.


ശുഭം.

2 comments:

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...