Friday, January 24, 2020

ജനുവരിയുടെ നഷ്ടം



പത്രത്താളുകളിൽ വെറുതെ കണ്ണോടിച്ചപ്പോൾ 'ജനുവരിയുടെ നഷ്ടം' എന്ന് കണ്ടു. പദ്മരാജന്റെ വേർപാടിനെക്കുറിച്ചാണ്. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ആൾ. തൂവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പും ഞാൻ ഗന്ധർവനുമൊക്കെ മീതെ മറ്റൊരു സിനിമയും മനസ്സിലേക്കു അത്രത്തോളം കുടിയിരുത്താൻ പറ്റിയിട്ടില്ല ഇന്നേവരെ. പദ്മരാജനെപ്പറ്റിയുള്ള എഴുത്തുകൾ എവിടെക്കണ്ടാലും ഭ്രാന്തമായി എത്രയും വേഗം വായിക്കാനുള്ള ത്വര ഇന്നുമടങ്ങിയിട്ടില്ല. പദ്മരാജന്റെ വേർപാടിന്റെ വായന എന്നും ഒരു നീറ്റലാണെങ്കിലും ഇത്തവണ അതിലും മീതെ നോവായി തൊട്ടടുത്ത് തന്നെ മറ്റൊരു വാർത്തയും.

കുറച്ച ദിവസങ്ങളായി പത്രത്താളുകളിൽ ഒരു പ്രധാന വാർത്ത ഇത് തന്നെയാണ്. ഇത്രയും വിശദീകരിക്കേണ്ടിയിരുന്നില്ല ഒരു പത്രവും എന്ന് തോന്നും ഓരോ ദിവസം കാണുമ്പോഴും. നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരണപ്പെട്ട രണ്ടു കുടുംബങ്ങളുടെ വാർത്തയാണ്. ദിവസവും ഇതിലും ഭീതിതമായ പല വാർത്തകളും കാണാറുണ്ടെങ്കിലും ഇതൊരു വല്ലാത്ത നോവായി നിൽക്കുന്നു. മരണപ്പെട്ടവരെ ഇന്നേവരെ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലെങ്കിൽ കൂടിയും വല്ലാത്ത ഒരു നീറ്റൽ.

സത്യത്തിൽ മരണപ്പെട്ട കുടുംബങ്ങളിലെ ഒരു വീട്ടിൽ ഒറ്റപ്പെട്ടുപോയ മകനെ കുറിച്ചോർക്കുമ്പോൾ. ഒരു സുപ്രഭാതത്തിൽ ഏറ്റവും പ്രിയപ്പെട്ട അച്ഛനും അമ്മയും അനിയനും ഇനി ഉണ്ടാകില്ല എന്നറിയുമ്പോൾ. ആ കുരുന്നിന്റെ മാനസികാവസ്ഥ ഓർക്കാൻ പോലും പറ്റാതെയാകുന്നു. ഏതാണ്ട് അതെ പ്രായത്തിലുള്ള ഒരു മകന്റെ അമ്മ കൂടെ ആയതുകൊണ്ടാകും. ദൈവം എല്ലാ കരുത്തും ആ കുരുന്നിനു കൊടുക്കട്ടെ. അത് മാത്രമേ ഇപ്പോൾ പ്രാര്ഥിക്കാനാവുന്നുള്ളു.

ജനുവരിയുടെ മറ്റൊരു നഷ്ടം!

No comments:

Post a Comment

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...