Tuesday, January 7, 2020

നഴ്സുവണ്ടി

"ഹാ ... ദേ ചിങ്കിടെ നഴ്സുവണ്ടി വരുന്നു "
"ശോ ... ഡാ നീയൊന്നു മിണ്ടാണ്ടിരി ...അവൾ ഇത് കേട്ടിട്ട് വേണം ഇനി കരച്ചില്‌ തുടങ്ങാൻ " - ഞാൻ പതുക്കെ ചിങ്കുനോട് പറഞ്ഞു
പതുക്കെ പറഞ്ഞതൊക്കെ വെറുതെയായി ... അവൾ കേട്ട് ... ചിണുങ്ങലും തുടങ്ങി ....
"നീയെന്തിനാ കരയുന്നേ ... അതിനു അവരിങ്ങെത്തി പോലുമില്ലല്ലോ "
........”
"മോൾടെ ഉവ്വാവി വേഗം മാറാനല്ലേ ... വേഗം മാറീട്ടു നമുക്കു വീട്ടിൽ പോകണ്ടേ ...."
"......"
"എന്നും ഇവിടെ ഇങ്ങനെ കിടന്നാൽ മതിയോ ?"
അവളെ പറഞ്ഞിട്ടും കാര്യമില്ല .....ഈ മൂന്നു നാല് ദിവസത്തെ കിടപ്പിൽ എന്തോരം കുത്തുകളാണ് കൊണ്ടത് ... കാനുലയിൽ കുടെയാണെങ്കിൽ പോലും .
രണ്ടാമത് കുത്തിയത് എന്തോ ശരിയായിട്ടല്ലെന്നാണ് തോന്നുന്നത് ... അവൾക് ആദ്യമേ തന്നെ വേദന ആയിരുന്നു ... കണ്ടാൽ സഹിക്കാൻ പറ്റില്ല
ഒന്നോർത്താൽ അവൾ ആയതു കൊണ്ടാണ് ഇത്രയും സഹിക്കുന്നത് ... പലപ്പോഴും പറയാതെ തന്നെ പലതും മനസ്സിലാക്കാനുള്ള ഒരു പക്വത ഉണ്ടെന്നു തോന്നാറുണ്ട് .
സത്യത്തിൽ കുട്ടികൾ കുട്ടികളായിരിക്കുന്നതാണല്ലേ നല്ലത് ... കുറെ കുട്ടിത്തങ്ങളുമായി ... വളരുമ്പോൾ ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്തവ ..
"നഴ്സുവണ്ടി" ..... ആരാണ് ആ പേരിട്ടത് .... അവനാണോ ....അതോ ഇനി ഏട്ടനായിരിക്കുമോ
നഴ്സുമാർ റൂമിലേക്കു ഇഞ്ചക്ഷനും മറ്റും ഒരു ട്രോളിയിൽ വച്ചോണ്ടാണ് വരുന്നത് ...
ആ ട്രോളിക്കിട്ടിരിക്കുന്ന പേരാണ് "നഴ്സുവണ്ടി ".
അതിനൊരു പ്രത്യേക ശബ്ദമാണ് ... വരുമ്പോഴേ അറിയാം ....
ഉറക്കമല്ലെങ്കിൽ അവൾ അപ്പൊ തുടങ്ങും ചിണുങ്ങലും കരച്ചിലും ....
നഴ്സുമാരെത്തുന്നെന് മുന്നേ പിന്നെ അത് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ...
ന്യൂമോണിയ കൂടി വന്നു അഡ്മിറ്റായതാണ് ...
ആന്റിബിയോട്ടിക്‌സ് കൊടുക്കാൻ തുടങ്ങിയെങ്കിലും ഒരു സെക്കന്റ് ഒപ്പീനിയൻ എടുക്കാമെന്നോർത്തു ...
അതെന്തായാലും നന്നായി ... ഇനിയും കൂടാതെ കഴിഞ്ഞല്ലോ
പാവം കുറെ കുത്തുകൊണ്ടു ... ശ്രദ്ധിക്കാഞ്ഞു വന്നതായിരുന്നെങ്കിൽ എന്നോട് തന്നെ ഒരിക്കലും ക്ഷമിക്കാൻ പറ്റില്ലായിരുന്നു
ഇത് അതങ്ങനല്ലല്ലോ ...ആദ്യമേ മരുന്ന് കൊടുത്തു തുടങ്ങിയതാണ്
പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ .
ഇന്ന് വിടും നാളെ വിടുമെന്നോർത്തു പിന്നെയും കാത്തിരിപ്പുകൾ
നിർബന്ധം പിടിച്ച പോകണമെന്നില്ല മാറിയിട്ട് പോയാൽ മതിയെന്നുള്ളതുകൊണ്ട് കാത്തിരിപ്പുകൾ നീളുന്നു...
ഏഴു ദിവസത്തെ കോഴ്സ് കഴിഞ്ഞ വിടാമെന്നുള്ളത് പത്തു ദിവസം കഴിഞ്ഞിട്ടെന്നായി...
അവൾ വീണ്ടും വിഷമത്തിലായി.... അസുഖം വന്നു ആശുപത്രിയിൽ കിടക്കേണ്ടി വന്നല്ലോ എന്നതായിരുന്നു അവളുടെ വലിയ വിഷമം.പത്താം നാളത്തെ അവസാന കുത്തും കിട്ടി. ഇനി പോകാമായിരിക്കും ല്ലേ....
"ഹാ..... ചിങ്കീടെ നഴ്സുവണ്ടി വരുന്നു. "
"അവൾ ഉറക്കമാണ്... വെറുതെ നീ ഒച്ച വച്ചുണർത്താൻ നിക്കണ്ട "
നഴ്സുമാരോട് അവൾ മിണ്ടാറേ ഇല്ല. കുത്തിവയ്ക്കാൻ വരുന്നതുകൊണ്ടാവും.... അതുകൊണ്ട് ഇനി മിണ്ടിയാൽ കുത്തിവയ്ക്കും എന്നാണിപ്പോൾ അവര് പറയാന്. ക്യാനില മാറ്റാൻ വന്നതായിരുന്നു അവർ. ബാൻഡേജ് ഒക്കെ പകുതി മുറിച്ചപ്പോഴേക്കും അവളുണർന്നു. നഴ്സുമാരെ കണ്ടപ്പോൾ ഇനി കരഞ്ഞേക്കാമെന്നോർത്തപോലെ തോന്നി മുഖം കണ്ടപ്പോൾ.
"ഇത് മാറ്റാൻ വന്നതാ മോളെ....നമുക്കു പോകണ്ടേ വീട്ടിൽ "
അതിൽ അവൾ സമരസപ്പെട്ടു. ശാന്തമായി കിടന്നുകൊടുത്തു.
ഒക്കെ കഴിഞ്ഞ ബില്ലുമടച്ചു ഒന്നര ആഴ്ച നീണ്ട ആശുപത്രി വാസം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് .....

ഇനി ഒരിക്കലും ഇങ്ങനെ കിടക്കാൻ വരേണ്ടി വരല്ലേ എന്ന പ്രാർത്ഥനയോടെ.

No comments:

Post a Comment

ഗുരുനാഥൻ

    സമർപ്പണം: ബീയാർ പ്രസാദ്... ഇച്ഛിച്ചു പലവട്ടം നല്ലെഴുത്തെഴുതുവാൻ മാർഗ്ഗദർശിയെ കിട്ടാ - തൊട്ടങ്ങു നീട്ടി വച്ചു . സജ്ജനസാധുക്കളാം ഗുരുക്കൾ ...